കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; ആനുകൂല്യത്തിനായി ഇനി രോഗി നേരിട്ടെത്തി വിരലടയാളം പതിപ്പിക്കണം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രോഗി നേരിട്ട് ആശുപത്രി കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്‍ഷുറന്‍സിന്റെ േപരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കാനാണ് പുതിയ നിബന്ധനയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രയാസത്തിലായിരിക്കുകയാണ്. കിടപ്പിലായ അവശനിലയിലുള്ള രോഗികളെ സ്‌ട്രെച്ചറിലും വീല്‍ചെയറിലും ഇരുത്തി കൗണ്ടറില്‍ എത്തിച്ച് വിരലടയാളം പതിപ്പിക്കണം. നേരത്തെ രോഗിയുടെ ബന്ധുക്കള്‍ കൗണ്ടറിലെത്തി കാര്‍ഡ് പതിപ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ വ്യാജപേരുകളിള്‍ തട്ടിപ്പ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിയത്.

ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകമാണ് കാര്‍ഡ് പതിപ്പിക്കേണ്ടത്. ദൂരെയുള്ള വാര്‍ഡുകളില്‍ നിന്ന് രോഗിയുമായെത്തി ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

Read more

എന്നാല്‍ അവശനിലയിലാണെങ്കില്‍ ആശുപത്രി സൂപ്രണ്ടിന്റെ സത്യവാങ്മൂലം എഴുതി വാങ്ങിയാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നത്. മെഡിക്കല്‍ കോളജിലും മറ്റ് തിരക്കേറിയ ആശുപത്രികളിലും ഇത് അപ്രായോഗികമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.