കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രിക്കും പങ്കുണ്ടെന്ന് മുന്‍ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട്. വായ്പ നല്കാന് എ.സി മൊയ്തീന് നിര്‍ബന്ധിച്ചുവെന്ന് സുജേഷ് കണ്ണാട്ട് പറഞ്ഞു. ബാങ്കിലെ പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും നേതാക്കള്‍ സ്വത്ത് വാരിക്കൂട്ടിയെന്നും മുന്‍ ബ്രാഞ്ച് സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.
അതിനിടെ, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. തട്ടിപ്പിന് പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല ഉന്നതതല ഗൂഢാലോചനയുമുണ്ടെന്നും അദ്ദേഹം ആരാേപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
കേസില്‍ സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. അതിനാല്‍ കേസന്വേഷണം സിബിഐക്ക് വിടണം. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കും. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കുമെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.
നിലവില്‍ നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപവരെയാണ് പിന്‍വലിക്കാന്‍ കഴിയുന്നത്. ഈ പരിധി പിന്‍വലിക്കണം. അതിന് പുറമെ നിക്ഷേപിക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണം. അതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read more
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു. ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. മെച്ചപ്പെട്ട ചികിത്സക്കായി ബാങ്കില്‍ നിക്ഷേപിച്ച പണം പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ ബാങ്ക് അധികൃതര്‍ പണം നല്‍കാതെ തിരിച്ചയച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്.