റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

വഞ്ചിയൂര്‍ കോടതിക്കുമുന്നില്‍ സിപിഎം റോഡും വസ്തുവും കൈയേറിയെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. കോടികള്‍ വിലയുള്ള പുറമ്പോക്ക് ഭൂമിയും നടപ്പാതയും സിപിഎം കൈയേറിയെന്നാണ് ആരോപണം. കൈയേറിയ ഭൂമിയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കും ഡ്രൈവിംഗ് സ്‌കൂള്‍ ഉള്‍പ്പെടെ സ്ഥാപിച്ചെന്നാണ് ആരോപണം.

അനധികൃത ബിനാമി സ്ഥാപനങ്ങളും തുടങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിവി രാജേഷ് പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിത നടപ്പാതയിലെ കാഴ്ചപരിമിതര്‍ക്കായുള്ള ടൈലുകള്‍ ഉള്‍പ്പെടെ ഇളക്കിമാറ്റി പാര്‍ട്ടി സ്മാരകത്തിന്റെ നിറത്തില്‍ ടൈലുകള്‍ പാകിയെന്നും രാജേഷ് ആരോപിക്കുന്നു.

കയ്യൂക്കിന്റെ ബലത്തില്‍ ബിനാമി ഡ്രൈവിംഗ് സ്‌കൂളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങി. സിപിഎം നേതാക്കളുടെ ചെറിയ പ്രതിമകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു കൈയേറ്റത്തിന് തുടക്കം. ആ സ്ഥാനത്ത് ഇപ്പോള്‍ ഇഎംഎസിന്റെയും എകെ ഗോപാലന്റെയും വലിയ പ്രതിമകള്‍ സ്ഥാപിച്ചെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഒപ്പം കൗണ്‍സിലര്‍ ഗായത്രിബാബുവിന്റെ ഓഫീസ് എന്നൊരു ബോര്‍ഡും സ്താപിച്ചിട്ടുണ്ട്. വസ്തുവും റോഡും കയ്യേറുന്നതിന് നേതൃത്വം നല്‍കിയ സിപിഎം ഏര്യാസെക്രട്ടറി വഞ്ചിയൂര്‍ പി.ബാബുവിനും മകളും കൗണ്‍സിലറുമായ ഗായത്രിബാബുവിനും സിപിഎം നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.