കരുവന്നൂര്‍ തട്ടിപ്പ്; ചികിത്സയ്ക്ക് പണം കിട്ടാതെ മുമ്പും ഒരാള്‍ മരിച്ചു, ആരോപണവുമായി ബന്ധുക്കള്‍

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായി മുമ്പും ഒരാള്‍ മരിച്ചു. ബാങ്കില്‍ 10.04 ലക്ഷം നിക്ഷേപമുള്ള തളിയക്കോണം സ്വദേശി ഇ.എം. രാമനാണ് (70) ഈ മാസം 25ന് മരിച്ചത്. ഇയാള്‍ക്കും ചികിത്സയ്ക്കായി പണം നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

രാമന് തലച്ചോറിനുള്ള ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയെങ്കിലും നല്‍കിയില്ല. ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും 50,000 രൂപയാണ് ലഭിച്ചത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായിരുന്നത് മൂന്ന് ലക്ഷം രൂപയാണ്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനാവാതെ കഴിഞ്ഞ തിങ്കളാഴ്ച രാമന്‍ മരിച്ചു.

രാമനും സഹോദരിയും വീടും പുരയിടവും വിറ്റുകിട്ടിയ പണമാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. സഹോദരിക്കൊപ്പമാണ് രാമന്‍ താമസിച്ചിരുന്നത്. തന്റെ നിക്ഷേപത്തിന്റെ നോമിനിയായി സഹോദരിയെയാണ് വെച്ചിരിക്കുന്നത്. അക്കൗണ്ടിലെ പണം സഹോദരിയുടെ പേരിലേക്ക് മാറ്റണമെന്ന അപേക്ഷയും ബാങ്ക് സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.