കരിപ്പൂരില്‍ വിമാനത്താവളത്തില്‍ കസ്റ്റംസും പൊലീസും തമ്മില്‍ മത്സരിച്ച് സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണ്ണം പുറത്ത് എത്തിച്ചാലും പൊലീസ് പിടികൂടുകയാണ്. ഇങ്ങനെയാണ് ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി ഷഹല(19) പിടിയിലാകുന്നത്. ഞായറാഴ്ച രാത്രി ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തുന്നുവെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പൊലീസ് കസ്റ്റംസിന് വിവരം കൈമാറി. എന്നാല്‍, ഇവരെ വെട്ടിച്ച് ഷഹല പുറത്തിറങ്ങി. തുടര്‍ന്ന് രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്തിട്ടും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറാന്‍ ഇവര്‍ ശ്രമിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷഹല ആദ്യം നിലപാട് എടുത്തത്. ഓരോ ചോദ്യങ്ങള്‍ക്കും ആത്മധൈര്യം കൈവിടാതെയാണ് യുവതി മറുപടി നല്‍കിയതെന്ന് പോലീസ് പറയുന്നു. താന്‍ സ്വര്‍ണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയില്‍ സ്വര്‍ണമുണ്ടെന്നോ ഒരുഘട്ടത്തില്‍ പോലും ഇവര്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് വിശദമായ പരിശോധനയും പിന്നീട് ദേഹപരിശോധനയും നടത്തിയത്.
പൊലീസ് യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാല്‍ ലഗേജുകളില്‍നിന്ന് സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തിയതോടെയാണ് അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്തനിലയില്‍ 1.8 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉള്‍വസ്ത്രത്തിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയത്. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളെ കഴിഞ്ഞുള്ളുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഷഹലയെ പിടികൂടിയതോടെ മലപ്പുറം പൊലീസ് പിടികൂടുന്ന എണ്‍പത്തിഏഴാമത്തെ സ്വര്‍ണ്ണക്കടത്താണ്. മിക്ക കേസുകളിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്. എന്നാല്‍ ഇതെല്ലാം കസ്റ്റംസ് പരിശോധന കഴിഞ്ഞ് വരുന്ന യാത്രക്കാരില്‍നിന്നാണെന്നതാണ് ശ്രദ്ധേയം.
Read more
കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസിന്റെ ഹെല്പ് ഡെസ്ക് ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും സ്വര്‍ണക്കടത്ത് തടയുകയുമായിരുന്നു ഹെല്പ് ഡെസ്കിന്റെ പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് പുറത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് പുറമേയായിരുന്നു ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം. കസ്റ്റസും പൊലീസും മത്സരിച്ചാണ് ഇപ്പോള്‍ കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട നടത്തുന്നത്.