മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്ലാസെടുപ്പില്‍ വാവ സുരേഷിന് എതിരെ കേസെടുത്തു; രൂക്ഷവിമര്‍ശനം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് പാമ്പുകളുമായി ക്ലാസെടുത്ത്. ചടങ്ങിനിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതോടെയാണ് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്ത്.

ശാസ്ത്രീയ വിഷയം കൈകാര്യം ചെയ്യുന്ന ക്ലാസില്‍ പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്തത് തെറ്റാണ് എന്ന തരത്തിലായിരുന്നു വിമര്‍ശനം. പാമ്പുകളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനെതിരെ വാവ സുരേഷിനെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി തവണ പാമ്പുകടിയേറ്റ് മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ ആളാണ് വാവ സുരേഷ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏറെ ദിവസത്തെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷ് ആരോഗ്യം തിരിച്ച് ലഭിച്ചത്.