സഭാ ഭൂമി വിവാദം; 'ചാപ്പലും ശവക്കോട്ടയുമൊക്കെ പള്ളിസ്വത്തുക്കളായി കണക്കാക്കും' ചർച്ച് പ്രോപ്പർട്ടീസ് ആക്ട് സർക്കാർ പൊടിതട്ടിയെടുക്കുന്നു !

സിറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടിന്റെ പശ്ചാത്തലത്തില്‍ ചർച്ച് പ്രോപ്പർട്ടീസ് ആക്ട് സർക്കാർ പൊടിതട്ടിയെടുക്കുന്നു. ഈ ബിൽ നിലവിൽ വന്നാൽ പള്ളികെട്ടിടങ്ങളും, ചാപ്പലും ശവക്കോട്ടയുമൊക്കെ പള്ളിവക സ്വത്തുക്കളായി കണക്കാക്കും.

ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കുന്ന “”ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ആക്ട് ബില്‍”” ആണ് സര്‍ക്കര്‍ വീണ്ടും നടപ്പാക്കാനൊരുങ്ങുന്നത്. ഭൂമിയിടപാടിന്റെ പശ്ചാത്തലത്തില്‍ ബില്‍ പരിശോധിക്കാന്‍ നിയമവകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനെ സഭകള്‍ എതിര്‍ത്താല്‍ ദേവസ്വം ബോര്‍ഡ്, വക്കഫ് ബോര്‍ഡ് മാതൃകയില്‍ ചര്‍ച്ച് ബോര്‍ഡ് സ്ഥാപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

അവകാശത്തര്‍ക്കം മൂലം തുറക്കാതെ കിടക്കുന്ന നാശോന്മുഖമായ, പുരാവസ്തു പ്രാധാന്യമുള്ള പള്ളികള്‍ ഈ ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാനും സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. 2009 ല്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയ ബില്‍ നിയമസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ ബില്‍ നിയമമാക്കാന്‍ ശ്രമിച്ചിട്ടില്ല. ആധ്യാത്മിക കാര്യങ്ങളില്‍ അതതു സഭകള്‍ക്കു നിയമങ്ങള്‍ വ്യത്യസ്തമായിരിക്കും. പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ട, മറ്റ് സ്വത്തുക്കളെല്ലാം പള്ളി സ്വത്തുക്കളായി കണക്കാക്കണം. ഇവ വാങ്ങുന്നതും വില്‍ക്കുന്നതും ദാനമായി സ്വീകരിക്കുന്നതുമെല്ലാം നിയമപ്രകാരമാകണം.

Read more

സെമിനാരി, ആശുപത്രി, സ്‌കൂള്‍, കോളജ്, അനാഥാലയം, പുരോഹിതഭവനം, ധ്യാനകേന്ദ്രം, വ്യവസായ കെട്ടിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, എസ്‌റ്റേറ്റുകള്‍, ട്രെയിനിങ് കേന്ദ്രങ്ങള്‍, മാധ്യമ-പ്രസിദ്ധീകരണ ശാലകള്‍, പുനരധിവാസ സ്ഥലങ്ങള്‍ ഇവയെ പുരോഹിത മേല്‍ക്കോയ്മയില്‍നിന്ന് ഒഴിവാക്കും. ആക്ട് പ്രാബല്യത്തിലാവുന്നതോടു കൂടി നിലവില്‍ സഭകളും പള്ളികളും നടപ്പാക്കുന്ന സഭാനിയമങ്ങള്‍ അസാധുവാകും. സ്വത്തുക്കള്‍ അത് നല്‍കിയവര്‍ക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ചര്‍ച്ച് ആക്ട്.