വേനല്‍ ചൂട് കടുക്കുന്നു; മലയോര പ്രദേശങ്ങളില്‍ 54 ഡിഗ്രി വരെ!

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത് എന്നാണ് ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക കാണിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലയിലെ ചില മലയോര പ്രദേശങ്ങളില്‍ ചൂട് 54 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയര്‍ന്നു.

താപനിലയും ഈര്‍പ്പവും ചേര്‍ത്താണ് ഹീറ്റ് ഇന്‍ഡക്്‌സ് തയാറാക്കുന്നത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകള്‍ അപകട മേഖലയിലാണ്. വെയിലത്ത് ഏറെ നേരം ജോലി ചെയ്താല്‍ സൂര്യാതാപം ഏല്‍ക്കാന്‍ സാധ്യതയുള്ള ജില്ലകളാണിത്.

സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരില്ല എന്നായിരുന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍, പ്രവചനം തെറ്റിച്ച് പലയിടങ്ങളിലും ചൂട് നാല് ഡിഗ്രി വരെ വര്‍ധിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഇത്തവണ മാര്‍ച്ച് ആദ്യവാരം തന്നെ എത്തിയത്.

37 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ഥിതി ആശങ്കയിലായേക്കും. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.