തുര്‍ക്കിക്ക് ദുരിതാശ്വാസ സഹായമായി കേരളം പത്ത് കോടി നല്‍കും; കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാനും പത്ത് കോടി

ഭൂകമ്പത്തിന്റെ ദുരിതം പേറുന്ന തുര്‍ക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ബജറ്റില്‍ 10 കോടി രൂപ മാറ്റിവെച്ചു. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് 5 കോടിയും അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു.

എന്നാല്‍, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റില്ലെന്നാണ് നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

സെസ് പിരിക്കുന്നത് പ്രത്യേക ഫണ്ടെന്ന നിലയ്ക്കാണെന്നും ധനമന്ത്രി പറഞ്ഞു. നികുതികള്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.