കേരളത്തിലെ ആശുപത്രി മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലെ പരിസ്ഥിതി ലോല മേഖലകളില്‍ തള്ളി; ഏഴ് കളക്ടര്‍മാര്‍ വിശദീകരിക്കണം; കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍

കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി തള്ളുന്നതിനെതിരെ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കൊടുവില്‍ സ്വമേധയായാണ് കോടതി കേസെടുത്തിരിക്കുന്നത്. കേരള തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരെയും ഇരു സംസ്ഥാനങ്ങളിലെയും 16 ജില്ലാ കലക്ടര്‍മാരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരുടെ ഭാഗത്തുനിന്നും വിശദമായ റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്.

കടുത്ത പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു കൊണ്ട് സിറിഞ്ച്, സൂചി, ശസ്ത്രക്രിയ മാലിന്യങ്ങള്‍, ട്യൂബുകള്‍ തുടങ്ങിയവ തമിഴ്‌നാട്ടിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടെ തള്ളിയെന്നാണു കേസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, നീലഗിരി, തിരുപ്പൂര്‍, ഡിണ്ടിഗല്‍, തേനി, വിരുദുനഗര്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി കലക്ടര്‍മാര്‍ സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍, ഡോ.സത്യഗോപാല്‍ കോര്‍ലാപതി എന്നിവര്‍ ഉത്തരവിട്ടു.

Read more

കേസ് ജനുവരി 20നു വീണ്ടും പരിഗണിക്കും. കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ അടക്കമുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിനാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ കൊണ്ടുപോയിയാണ് തള്ളുന്നത്. ഇതിനെതിരെ ജനകീയ പ്രതിഷേധം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസ് എടുത്ത്.