കെവിന്‍ വധക്കേസ്; പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം

കെവിൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ദുരഭിമാനക്കൊലയായതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാൽ മതി.

പ്രതികൾക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. കൊലക്കുറ്റം, തടഞ്ഞുവെച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിരുന്നു. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യം.

പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും.

വലിയകേസുകളില്‍ ഇത്രവേഗം വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണെന്ന് അഭിഭാഷകര്‍ പറയുന്നു.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം നട്ടാശേരി സ്വദേശി കെവിന്‍ പി.ജോസഫിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട്  തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28-നായിരുന്നു സംഭവം.