മേളത്തിനു നടുവില്‍ 60 വര്‍ഷം; വലതു ചെവിയുടെ കേള്‍വി പോയി, ഇടതിനു ചെറിയൊരു കേള്‍വി; രണ്ടുദിക്കിലും പ്രമാണിച്ച മേളക്കാരന്‍; കിഴക്കൂട്ട് അനിയന്‍ മാരാര്‍ ഇനി ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്രയുടെ ക്യാപ്റ്റന്‍

തിനൊന്നാം വയസില്‍ നെട്ടിശ്ശേരി ക്ഷേത്രത്തില്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച് ശേഷം ഉത്സവപറമ്പുകളെ മേളത്തില്‍ ത്രസിപ്പിച്ച ആളാണ് നാരായണന്‍ മാരാര്‍ എന്ന കിഴക്കൂട്ട് അനിയന്‍ മാരാര്‍. പല ബഹുമതികളും കപ്പിനും ചുണ്ടിനുമിടയ്ക്ക് അദേഹത്തിന് നഷ്ടമായിട്ടുണ്ട്. അതിലൊന്നാണ് തൃശൂര്‍ പൂരത്തിലെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിത്വം.
17ാം വയസ്സില്‍ ഇലഞ്ഞിത്തറ മേളത്തിന്റെ മുന്‍നിരയില്‍ കൊട്ടിതുടങ്ങിയ അനിയന്‍ മാരാര്‍ 40 വര്‍ഷത്തോളം തൃശ്ശൂര്‍ പൂരത്തിലെ പാറമേക്കാവ് മേളത്തില്‍ പങ്കാളിയായി. എന്നാല്‍, അര്‍ഹതപ്പെട്ട സ്ഥാനം പെരുവനത്തിന് കൈമാറിയെന്ന ബോധ്യം വന്നപ്പോഴാണ് അദേഹം ഇലഞ്ഞിത്തറയില്‍ നിന്ന് മേളം അവസാനിപ്പിച്ച് ഇറങ്ങിയത്.

തുടര്‍ന്ന്, പാറമേക്കാവിന്റെ പകല്‍പൂരത്തിന് 2005ല്‍ പ്രാമാണ്യം വഹിച്ചു. 2012ല്‍ തിരുവമ്പാടിയുടെ പകല്‍പൂര പ്രമാണിയായി. 76ാം വയസ്സിലും മേളാസ്വാദകരെ ആവേശത്തിമിര്‍പ്പിലേക്കെത്തിക്കുന്ന കൊട്ടിന്റെ മാജിക് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് സ്വന്തമാണ്. അനിയേട്ടനെന്ന് എല്ലാവരും സ്‌നേഹത്തോടെയും ആദരവോടെയും വിളിക്കുന്ന കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് മേളംകൊട്ടിന് അറുപതാണ്ടിന്റെ പഴക്കവും തഴക്കവുമുണ്ടെങ്കിലും പുതുമ മാറുന്നില്ല ആ കൊട്ടിന്.

തിരുവമ്പാടിയുടെ മഠത്തില്‍ നിന്നുള്ള വരവ് നായ്ക്കനാലിലെത്തി മേളത്തിന് വഴിമാറുമ്പോഴാണ് അനിയന്‍ മാരാരുടെ മേളം തുടങ്ങുക. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തെത്തി മേളം മുറുകുമ്പോള്‍ മതില്‍കെട്ടിനകത്ത് ഇലഞ്ഞിത്തറയില്‍ പെരുവനം മേളം പെരുക്കി കയറ്റുന്നുണ്ടാവും. ഇലഞ്ഞിത്തറയിലെ കലാശം കഴിയുമ്പോള്‍ കിഴക്കൂട്ടിന്റെ അവസരമാണ്. ഈ സമയം കൊട്ടിഅവസാനിപ്പിച്ച് ചെണ്ട മാറ്റിവെച്ച് കിഴക്കൂട്ടിന്റെ മേളം ആസ്വദിക്കാന്‍ പെരുവനവും ശ്രീമൂലസ്ഥാനത്തെത്തുന്നത് പൂരത്തിലെ പതിവ് കാഴ്ചയാണ്.

തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായി ഡബിള്‍ റോളില്‍ തിളങ്ങിയ റെക്കോര്‍ഡ് ഉള്ള ആളാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍. കഴിഞ്ഞ വര്‍ഷം മെയിലാണ് മേളത്തിലെ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്. നിലവില്‍ തിരുവമ്പാടി പകല്‍പൂരത്തിന്റെ മേള പ്രമാണിയാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍. 2005ലെ പാറമേക്കാവിന്റെ പകല്‍പ്പൂരത്തിനും 2012ലെ തിരുവമ്പാടിയുടെ പകല്‍പ്പൂരത്തിനും അദ്ദേഹം പ്രമാണിയായിരുന്നു.

കിഴക്കൂട്ട് അനിയന്‍ മാരാര്‍ ഇടയ്ക്ക് ഉത്സവ പറമ്പുകളില്‍ നിന്നു വിടപറയുകയാണെന്ന് ഒരു വാര്‍ത്ത പരന്നിരുന്നു. സ്‌പൈനല്‍ കോഡിന് ഉണ്ടായ പ്രശനം അനിയന്‍ മാരാരെ വലച്ചിരുന്നു. മേള ആസ്വാദകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അദേഹം വീണ്ടും പൂരപറമ്പിലേക്ക് എത്തിയത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസത്തിനിപ്പുറം ചെണ്ടയുമായി നിവര്‍ന്നു നിന്നു അദേഹം മേളം പെരുക്കി കരുത്ത് കാട്ടി. അമ്മാവന്‍ കിഴക്കൂട്ട് ഈശ്വരമാരാരാണ് ആദ്യ ഗുരു. പിന്നീട് മുന്‍ ഇലഞ്ഞിത്തറ മേളം പ്രമാണി ബന്ധുകൂടിയായ പരിയാരത്ത് കുഞ്ചുമാരാര്‍. മിടുക്കനായ ശിക്ഷ്യനെ ഗുരുവിന് ഇഷ്ടപ്പെട്ടപ്പോള്‍ നല്‍കിയത് പാതി ജീവനായ മകളെയായിരുന്നു.

കുഞ്ചുമാരാരുടെ മകള്‍ ചന്ദ്രികയാണ് കിഴക്കൂട്ടിന്റെ ഭാര്യ. മേളം കൊട്ടിക്കയറുമ്പോഴും കിഴക്കൂട്ടി വലതുഭാഗത്ത് ശബ്ദങ്ങള്‍ കേള്‍ക്കാറില്ല!, അക്കാര്യത്തേക്കുറിച്ച് അദേഹം പറയും മേളത്തിനു നടുവില്‍ 60 വര്‍ഷം നിന്നതല്ലേയെന്ന്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ വലതുചെവിയുടെ കേള്‍വി പോയി. ഇടതിനു ചെറിയൊരു കേള്‍വിയേയുള്ളു. കേള്‍വി കൂട്ടാന്‍ ശ്രവണ സഹായി വയ്ക്കാന്‍ അദേഹം ഒരിക്കല്‍ മാത്രം പോയി. ഡോക്ടര്‍ നിര്‍ദേശിച്ചു. ശവണ സഹായി വയ്ക്കാം പക്ഷേ, കൊട്ടാന്‍ പറ്റില്ല. അതോടെ കേള്‍ക്കാനുള്ള ബുദ്ധിമുട്ട് സഹിച്ച് അദേഹം വീണ്ടും മേള പറമ്പിലേക്ക് ഇറങ്ങി. ഇക്കുറി പാറമേക്കാവിന്റെ കൈപിടിച്ച് ഇലഞ്ഞിത്തറയില്‍ മേളം കൊട്ടിക്കയറാന്‍ വരും.