വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട കൊട്ടിയൂർ പീഡന കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുഞ്ചേരിക്കെതിരെ മാധ്യമ പ്രവർത്തകൻ കെ.ജെ ജേക്കബ്
ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനൽ ഈ നാട്ടിൽ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇത്രയും വേട്ടയാടപ്പെട്ട, അപമാനിക്കപ്പെട്ട, നിര്ഭാഗ്യവാന്മാരായ, നിരാലംബമായ മറ്റൊരു കുടുംബവും ഉണ്ടാകാൻ സാദ്ധ്യതയില്ല.
ഇതൊക്കെ നടക്കുന്ന സ്ഥലത്തെ ഖേരളം എന്ന് വിളിച്ചാൽ എനിക്ക് ഖേദവുമില്ലെന്നും അദ്ദേഹം കുറിച്ചു.
അതേസമയം റോബിൻ വടക്കുഞ്ചേരിയ്ക്ക് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹർജികളിൽ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവർക്കും വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഇടവക വികാരിയായിരിക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്യുക, ഗര്ഭിണിയാക്കുക.
പെൺകുട്ടിയ്ക്ക് പ്രസവിക്കാൻ സഭയുടെ ആശുപത്രിയും അവിടെനിന്നു അമ്മയെയും കുട്ടിയെയും ഒളിപ്പിക്കാൻ സഭയുടെ അനാഥാലയവും തയ്യാറായിരിക്കുക.
കേസാകുമ്പോൾ കുറ്റം ഇരയുടെ സ്വന്തം അച്ഛന്റെ തലയിൽ വെച്ചുകെട്ടുക; അയാളെക്കൊണ്ട് അത് സമ്മതിപ്പിക്കുക.
വിദേശത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യവും ലഭ്യമാവുക.
കോടതിയിൽ ഇരയും മാതാപിതാക്കളും അടക്കം കൂറുമാറുക; പരസ്പരസമ്മത്തോടെയുള്ള ബന്ധമായിരുന്നുവെന്നു അവരെക്കൊണ്ടു പറയിപ്പിക്കുക
കുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു എന്ന് മാതാപിതാക്കളെക്കൊണ്ട് കോടതിയിൽ കള്ളം പറയിപ്പിക്കുക.
അതെ ഇരയെക്കൊണ്ട് തന്നെ വിവാഹം കഴിക്കാൻ ജാമ്യം നൽകണമെന്ന് രാജ്യത്തെ പരമോന്നത കോടതിയിൽ അപേക്ഷ കൊടുപ്പിക്കുക.
***
ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനൽ ഈ നാട്ടിൽ ഉണ്ടാകാൻ സാധ്യതയില്ല.
ഇത്രയും വേട്ടയാടപ്പെട്ട, അപമാനിക്കപ്പെട്ട, നിര്ഭാഗ്യവാന്മാരായ, നിരാലംബമായ മറ്റൊരു കുടുംബവും ഉണ്ടാകാൻ സാധ്യതയില്ല.
ഇതൊക്കെ നടക്കുന്ന സ്ഥലത്തെ ഖേരളം എന്ന് വിളിച്ചാൽ എനിക്ക് ഖേദവുമില്ല.