കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തില്‍ സന്തോഷമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പക്ഷേ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കൊടുക്കാനാണെങ്കില്‍ യാതൊരു ഗുണവുമുണ്ടാകില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു.
വാക്സിനേഷൻ മൂന്ന് നാല് മാസത്തിനകം പൂര്‍ത്തീകരിക്കണം. ഇന്ത്യയിലെ കമ്പനികളുടെ കപ്പാസിറ്റി വെച്ച് നോക്കിയാല്‍, ഒരു ചുരുങ്ങിയ കാലയളവില്‍ ഇത് തീരില്ല. വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ മറ്റ് സൗകര്യം ഒരുക്കേണ്ടിവരും. അല്ലെങ്കില്‍ വിദേശത്ത് നിന്ന് കൂടുതല്‍ വാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Read more
വാക്‌സിന്‍ സൗജന്യമായി നല്‍കുകയാണെങ്കില്‍ കേരളത്തിന് ആശ്വാസം തന്നെയാണ്. പക്ഷേ അതിന്റെ പങ്കാളിത്വം, സാമ്പത്തികപരമായ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ പൂര്‍ണമായി പറയാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വാക്‌സിന്‍ വാങ്ങാന്‍ ചെലവായ പണത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടി വരും. കേന്ദ്രത്തില്‍ നിന്നുള്ള കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തിരുമാനമെടുക്കുക. അത് വരുമ്പോള്‍ അതനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.