ലുലു മാളിന് വെല്ലുവിളി ഉയര്‍ത്തി കൊച്ചിയില്‍ പുതിയ ഷോപ്പിങ്ങ് മാള്‍ തുറക്കാന്‍ ഒരുങ്ങുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫോറം മാള്‍ മറ്റെന്നാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. എറണാകുളത്തെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായിരിക്കുമിത്. 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. കൊച്ചിയിലെ കുണ്ടന്നൂര്‍ ജംഗ്ഷനു സമീപം, വൈറ്റില അരൂര്‍ ബൈപാസ്, എന്‍എച്ച് 66 ന് സമീപമാണ് പുതിയ ഫോറം മാള്‍ പണികഴിഞ്ഞിട്ടുള്ളത്. 10 ഏക്കറില്‍ 10.6 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഫോറം മാള്‍ പണി കഴിപ്പിച്ചിരിക്കുന്നത്. അതായത്, 18.50 ലക്ഷം സ്‌ക്വയര്‍ഫീറ്റിലുള്ള ലുലുമാളിന് തൊട്ടു താഴെയായി വരും ഇതിന്റെ വലുപ്പം.
മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പിവിആര്‍ തിയറ്ററുകള്‍, എച്ച് ആന്‍ഡ് എം, ലൈഫ്സ്റ്റെയില്‍, തുടങ്ങി 200 പ്രമുഖ ബ്രാന്‍ഡുകളും മാളില്‍ പ്രവര്‍ത്തിക്കും. ആലപ്പുഴ, തൂപ്പൂണിത്തുറ, വൈക്കം, കോട്ടയം ഭാഗത്തു നിന്നുള്ളവര്‍ക്ക് ഫോറം മാളിലേക്ക് എളുപ്പത്തിലെത്താം. കൊച്ചിയിലെ മാളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി എറണാകുളം നഗരത്തിലേക്കു പ്രവേശിക്കുമ്പോഴുള്ള ട്രാഫിക് ബ്ലോക്കാണ്. ഇതു ഒഴിവാക്കാനാണ് മാള്‍ മരടില്‍ നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ബില്‍ഡര്‍ കമ്പനിയായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഭാഗമാണ് 2004 മുതല്‍ ഫോറം. ഫോറം നെക്സ്റ്റിനു കീഴില്‍ പുതു തലമുറ മാളുകളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമെ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും പുതിയ മാളുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഫോറം.
മാളില്‍ ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്റര്‍, 20 റെസ്റ്റോറന്റുകള്‍, 11 ഫുഡ് കൗണ്ടറുകള്‍, 700 സീറ്റുള്ള ഫുഡ് കോര്‍ട്ട്, 9 സ്‌ക്രീന്‍ പി.വി.ആര്‍ മള്‍ട്ടിപ്ലക്സ് എന്നിവ ഉണ്ടാകും. മാരിയറ്റ് ഇന്റര്‍നാഷണലുമായി സഹകരിച്ച് 40 മുറികളുള്ള ഹോട്ടല്‍ മുറികളും ഇതോടൊപ്പം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ആഡംബര കാറുകളുടെ ഹബ് ആയിട്ടാണ് എറണാകുളം ജില്ലയിലെ മരട്-കുണ്ടന്നൂര്‍ പ്രദേശത്തെ ജനങ്ങള്‍ കാണുന്നത്. ഇനി ലക്ഷ്വറി ബ്രാന്‍ഡുകള്‍ സംയോജിക്കുന്ന ഷോപ്പിംഗ് കേന്ദ്രം കൂടിയായി മാള്‍ മാറിയേക്കും.
Read more
കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ മറ്റൊരു ഫോറം മാള്‍ നിര്‍മ്മിക്കാാനും പ്രെസ്റ്റീജ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ബില്‍ഡര്‍ കമ്പനിയാണ് പ്രസ്റ്റീജ് ഗ്രൂപ്പ്. 1986ല്‍ റസാഖ് സത്താറാണ് കമ്പനി ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ മുതല്‍ റീട്ടെയില്‍, വാണിജ്യം, വിനോദം വരെയുള്ള മേഖലകളില്‍ വരുന്ന വിവിധ നിര്‍മ്മാണ പദ്ധതികള്‍ കമ്പനി ഏറ്റെടുക്കുന്നുണ്ട്.