കൊച്ചി കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന സഭയില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയ്‌ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ കൊലപാതകം, വധശ്രമം സ്‌ഫോടക വസ്തു സൂക്ഷിക്കല്‍ എന്നീ കുറ്റങ്ങളും പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേ സമയം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ലെന്ന് പൊലീസ് അറിയിച്ചു. ബോംബ് നിര്‍മ്മിച്ചതിലും സ്‌ഫോടനം നടത്തിയതിലും ഡൊമിനിക് മാര്‍ട്ടിനെ മറ്റാരും സഹായിച്ചതായി കണ്ടെത്താനായിട്ടില്ല. കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചികിത്സയില്‍ ഡോക്ടര്‍മാരും ആശുപത്രി സംവിധാനങ്ങളും അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചികിത്സയില്‍ തുടരുന്നവരെ മികച്ച രീതിയില്‍ പരിചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സാ രംഗത്ത് നല്ല രീതിയുലുള്ള സമീപനമാണെന്നും കളമശ്ശേരിയില്‍ സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററും പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നവരെയും സന്ദര്‍ശിച്ച ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്ഫോടനം സംബന്ധിച്ച അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read more
പ്രതിയുടെ വെളിപ്പെടുത്തലിനപ്പുറം വിഷയത്തില്‍ മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണത്തിലൂടെ തെളിയിക്കും. സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. എടിഎസ്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഡിജിപി ഉള്‍പ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു