കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിൽ ആര്.എസ്.എസ്, ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യും. തൃശൂരിലെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന് എന്നിവരോട് ഹാജരാകാൻ പോലീസ് നിര്‍ദേശം നല്കി. കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഹാജരാകാന്‍ മൂന്നു പേരോടും പൊലീസ് ആവശ്യപ്പെട്ടു. തൃശൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ ചോദ്യം ചെയ്യുക.
അതേസമയം കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്.എസ്.എസ്. പ്രവര്ത്തകന് ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി. വെള്ളിയാഴ്ചയാണ് ഇവരെ തൃശൂരില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്. സുനില്‍ നായിക്കിനെയും ധര്‍മരാജിനെയും ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നല്കി.
വാഹനാപകടമുണ്ടാക്കി കാറില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിനെതിരേ കൊടകര പോലീസിന് പരാതി നല്‍കിയത്. എന്നാല്‍, ബി.ജെ.പി. തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച മൂന്നരക്കോടിയാണ് കവര്‍ന്നതെന്നായിരുന്നു സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം. 19 പ്രതികളില്‍നിന്നായി ഒരുകോടിയിലേറെ രൂപ അന്വേഷണസംഘം ഇതിനകം കണ്ടെടുത്തു.
Read more
ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പോലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നും അറിയിച്ചിരുന്നു. എന്നാല്‍, രേഖകള്‍ ഇതുവരെയും എത്തിച്ചില്ല. പരാതിയേക്കാള്‍ കൂടുതല്‍ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതോടെ പണത്തിന്റെ ഉറവിടമറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.