കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കോടികളുടെ കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് കേസിലെ സാക്ഷി കൂടിയായ സതീഷ് പറഞ്ഞു. ഓഫീസില്‍ ആറ് ചാക്കുകളിലായി നിറച്ചാണ് പണം എത്തിച്ചതെന്നും സതീഷ് പറഞ്ഞു.

കൊടകര കുഴല്‍പ്പണ ഇടപാട് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം തന്നെയാണ്. സംഭവത്തിന് തലേദിവസം ബിജെപി ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധര്‍മ്മരാജനും കൂട്ടാളികള്‍ക്കും ബിജെപി ജില്ലാ ഓഫീസലില്‍ നിന്ന് അറിയിച്ചത് അനുസരിച്ചാണ് താന്‍ താമസ സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ അവര്‍ പോയ ശേഷമാണ് കൊടകരയിലെ സംഭവം നടക്കുന്നത്. ബിജെപിയ്ക്ക് കൊണ്ടുവന്ന പണമാണെന്ന് പൊലീസിന്റെ കുറ്റപത്രത്തിലും പറയുന്നുണ്ട്. ധര്‍മ്മരാജന്‍ ആദ്യം ജില്ലാ കമ്മിറ്റി ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അവിടെ ഉണ്ടായിരുന്നുവെന്നും സതീഷ് വ്യക്തമാക്കി.

കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ കോടികളാണ്. 2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ടത് 3.5 കോടിയാണെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കേസിലെ 23 പ്രതികള്‍ പിടിയിലായി. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങുകയും ചെയ്തു. സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തല്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കും.