കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ കണ്ടെടുത്തു

ഓയൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍  ശ്രീകണ്‌ഠേശ്വരം കാര്‍ വാഷിംഗ് സെന്ററില്‍ പരിശോധന. ഇവിടെ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് പൊലീസ് ഈ പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതില്‍ പൊലീസ് സൂചനകളൊന്നും നല്‍കിയിട്ടില്ല. കാര്‍ വാഷിംഗ് സെന്റര്‍ ഉടമ പ്രതീഷ് ഉള്‍പ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാര്‍ഡ് കൗണ്‍സിലര്‍ രാജേന്ദ്രന്‍ പറഞ്ഞു. 9 ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തതെന്നു സൂചന. തിരുവല്ലത്തെ വര്‍ക്?ഷോപ്പിലും പരിശോധനയ്ക്ക് നീക്കം.

ശ്രീകാര്യത്ത് നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്‌ഠേശ്വരത്ത് നിന്ന് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനകളുണ്ട്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

Read more

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.