വ്യാജ ഒസ്യത്തുണ്ടക്കാൻ ജോളിയെ സഹായിച്ച മൂന്ന് റവന്യു ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ സഹായിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്‌. താമരശേരി മുൻ ഡപ്യൂട്ടി തഹസിൽദാർ ജയശ്രീ വാര്യർ, കൂടത്തായി മുൻ വില്ലേജ് ഓഫീസർമാരായ കിഷോർ ഖാൻ , മധുസൂദനൻ നായർ എന്നിവർക്കാണ് കളക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.

റവന്യു അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടർ റവന്യു നടപടികളിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. മൂന്ന് പേരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി കളക്ടർ ജില്ലാ കളക്ടർക്ക് നൽകിയത്. ഈ റിപ്പോർട്ട് പരിശോധിച്ചാണ് കളക്ടർ മൂന്ന് പേർക്കും കാരണം കാണിക്കൽനോട്ടീസ് നൽകിയത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയ ജോളി രണ്ട് തവണ നികുതി അടച്ചതായും റവന്യു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്കു മാറ്റുകയാണ് ആദ്യം ചെയ്തത്. ജോളിയുടെ പേരിൽ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥർക്കു പിഴവുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.