കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്ക് എതിരെ അക്രമം: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ അരുണ്‍ അടക്കം അഞ്ച് പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 6 മുതല്‍ മുതല്‍ 5 പേരും റിമാന്‍ഡ് കഴിയുകയായിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

സംഭവം വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതില്‍ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്.

ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുസേവകനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന ഈ വകുപ്പ് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമിട്ടത്.

ഇവര്‍ മടങ്ങി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു