കോഴിക്കോട് ഉഗ്ര ശബ്ദത്തോടെ വീട് ഇടിഞ്ഞ് താഴ്ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് ഒളവണ്ണയില്‍ വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്റെ വീടാണ് വലിയ ശബ്ദത്തോടെ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. തിങ്കളാഴ്ച രാവിലെ 10.30ന് ആയിരുന്നു സംഭവം നടന്നത്. ശബ്ദം കേട്ട്  വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതോടെ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

അപകടത്തില്‍ വീടിന്റെ താഴത്തെ നില പൂര്‍ണമായും മണ്ണിനടിയിലായി. പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നു. സക്കീറും ഭാര്യയും മകളും അവരുടെ രണ്ട് കുട്ടികളുമാണ് വീട്ടിലെ താമസക്കാര്‍. അപകട സമയം സക്കീര്‍ വീട്ടിലുണ്ടായിരുന്നില്ല. മകള്‍ മൂത്ത കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാനും പോയിരുന്നു.

അപകടം നടക്കുന്ന സമയം സക്കീറിന്റെ ഭാര്യയും കൊച്ചുമകന്‍ മിന്‍സാലുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്ര ശബ്ദം കേട്ട് ഇരുവരും പുറത്തേക്കോടിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല.