ട്രെയ്‌നിലെ അക്രമം ആസൂത്രിതം; അക്രമി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല, മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. ഡി 2 കോച്ചില്‍ നിന്നും ഡി വണ്‍ കോച്ചിലേക്ക് എത്തി യാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചാണ് അക്രമി തീ കൊളുത്തിയത്.

ട്രെയ്ന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ നേരത്തെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് ഇയാള്‍ കയറിപ്പോയത്. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പൊലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടിടിആര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ ട്രാക്കില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ (2), നൗഫീഖ് എന്നിവര്‍ മരിച്ചു.

തീപടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. അതേസമയം, മരിച്ച റഹ്‌മത്തിനൊപ്പം ഉണ്ടായിരുന്ന റാസിഖിനെ ചോദ്യം ചെയ്യുകയാണ്.

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കതിരൂര്‍ സ്വദേശി അനില്‍ കുമാര്‍, മകന്‍ അദ്വൈത്, ഭാര്യ സജിഷ, തളിപ്പറമ്പ് സ്വദേശി റൂബി, എറണാകുളം സ്വദേശിനി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Read more

അതിനിടെ, പ്രതിയുടെതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്ന്് പൊലീസ് കണ്ടെത്തി. ബാഗിനുള്ളില്‍ ഒരു കുപ്പി പെട്രോളും ലഘുലേഖകളും വസ്ത്രവും മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുകയാണ്. കണ്ടെടുത്ത ബുക്കില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. പഴ്സ്, ടീഷർട്ട്, കണ്ണട, ഇയർഫോണും  കവറും കപ്പലണ്ടി മിഠായി എന്നിവയും ബാഗിലുണ്ട്.