‘സഖാക്കള്‍ക്ക് പോലും തിരൂരങ്ങാടിയില്‍ വിജയിക്കുമെന്നു പ്രതീക്ഷയില്ല, സംസ്ഥാനത്ത് സി.പി.ഐയുടെ സ്ഥിതി ഏറെ ദയനീയം'; കെ.പി.എ മജീദ്

തിരുരങ്ങാടി ഉള്‍പ്പെടെ കേരളത്തില്‍ മത്സരിച്ച 25 സീറ്റില്‍ 17 ലും വിജയം നേടുമെന്ന സി പി ഐയുടെ അവകാശവാദത്തെ തള്ളി മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. എന്ത് പ്രതീക്ഷയിലാണ് സിപിഐ ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയതെന്ന് മനസ്സിലാവുന്നില്ലെന്നും തിരൂരങ്ങാടിയില്‍ യാതൊരു ഭയപ്പാടും ഇല്ലെന്നും കെപിഎ മജീദ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെപിഎ മജീദീന്റെ പ്രതികരണം.

വിജയിക്കുമെന്ന ചിന്തയോ അഭിപ്രായമോ തിരൂരങ്ങാടിയിലെ സഖാക്കള്‍ക്ക് പോലുമില്ല. ഇതേ പോലത്തെ വിലയിരുത്തലാണ് സംസ്ഥാനത്താകെ നടത്തിയിട്ടുള്ളതെങ്കില്‍ സിപിഐ വലിയ അപകടത്തിലേക്കാണ് പോകുന്നത്. സംസ്ഥാനത്ത്  സിപിഐയുടെ സ്ഥിതി ഏറെ ദയനീയമാണ്. ഈ തിരഞ്ഞെടുപ്പില്‍ സിപിഐ കേരളത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും കെ പി എ മജീദ് പറഞ്ഞു.

കേരളത്തില്‍ തിരൂരങ്ങാടി ഉള്‍പ്പെടെ 17 സീറ്റിലാണ് സിപിഐ വിജയപ്രതീക്ഷ വെയ്ക്കുന്നത്. കെപിഎ മജീദിന് എതിരെയുള്ള ലീഗിലെ പ്രശ്നങ്ങളും, സാമുദായിക പിന്തുണയും നിയാസ് പുളിക്കലകത്തിന് അനുകൂലമാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍. ഇടതു പക്ഷത്തിന് 80 സീറ്റുകള്‍ ഉറപ്പായി ലഭിക്കുമെന്നും സിപിഐ പറയുന്നു.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിയിലും കെടി ജലീലിനെതിരെ കെപിഎ മജീദ് രൂക്ഷമായി വിമര്‍ശിച്ചു. ധാര്‍മ്മികതയുണ്ടെങ്കില്‍ കെടി ജലീല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കെപിഎ മജീദ് പറഞ്ഞു. തെറ്റ് സമ്മതിക്കാത്ത ഒരാളെ എങ്ങനെയാണ് ഒരു പാര്‍ട്ടി സ്വീകരിക്കുക.പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് മര്യാദയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.