എന്നെ ടീമിൽ എടുത്തിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ: ചേതേശ്വർ പുജാര

ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഓസ്‌ട്രേലിയയോട് വഴങ്ങിയത്. പരമ്പര 3 -1 നാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് നേരെ നേടിയത്. എന്നാൽ ടൂർണമെന്റിൽ ഇന്ത്യൻ ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ചേതേശ്വർ പുജാരയുടെ വരവിനായിട്ടാണ്. എന്നാൽ സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ചേതേശ്വർ പുജാരയുടെ കുറവ് ആ പര്യടനത്തിൽ ഇന്ത്യക്ക് ഉണ്ടായിരുന്നു.

ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യക്ക് പുറത്താകേണ്ടി വന്നു. ഇതോടെ താരങ്ങളെയും, പരിശീലകനായ ഗൗതം ഗംഭീറിനെയും വിമർശിച്ച് ഒരുപാട് ആരാധകർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്നെ ടീമിൽ എപ്പോൾ വിളിച്ചാലും ആ ഓഫർ ഇരു കൈനീട്ടി സ്വീകരിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ചേതേശ്വർ പുജാര.

ചേതേശ്വർ പുജാര പറയുന്നത് ഇങ്ങനെ:

” ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ ഇന്ത്യയ്ക്കായി കളിക്കണമെന്നാണ് എല്ലായിപ്പോഴും ആ​ഗ്രഹിക്കുന്നത്. ആ നേട്ടത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇന്ത്യൻ ടീമിന് എന്നെ ആവശ്യമെങ്കിൽ തീർച്ചയായും ഞാൻ അവിടെയെത്തും. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ മികച്ച പ്രകടനം നടത്തുന്നു. ഇം​ഗ്ലീഷ് കൗണ്ടിയിലും രണ്ട് വർഷമായി ഞാൻ കളിക്കുന്നുണ്ട്. ഇനി ലഭിക്കേണ്ടത് അവസരമാണ്. അത്തരമൊരു അവസരം ലഭിച്ചാൽ ഞാൻ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും”

ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വിജയം നേടിനൽകാൻ കഴിയുമായിരുന്നോ എന്ന ചോദ്യത്തിനും പുജാര പ്രതികരിച്ചു.

” തീർച്ചയായും ഞാൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ബോർഡർ-​ഗ​വാസ്കർ പരമ്പരയിൽ ഇന്ത്യയ്ക്ക് ഹാട്രിക് വിജയത്തിനായി ശ്രമിക്കുമായിരുന്നു” ചേതേശ്വർ പുജാര പറഞ്ഞു.