'പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകാനാവുന്ന നേതാവ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് വേണം'; മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന ഒരു നേതാവ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുസംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നൽകി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകുമെന്നും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പളളി വ്യക്തമാക്കിയിട്ടുണ്ട്.

കെപിസിസി നേതൃമാറ്റം ചർച്ചയാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്. പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം നേതാക്കളും ഇക്കാര്യം അറിയിച്ചു. കെ സുധാകരന്റെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം കേരളത്തിൽ സംഘടന ഇല്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടതായാണ് വിവരം. ഹൈക്കമാൻഡ് വിളിച്ച നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. യോഗത്തിന് മുൻപ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന നേതാക്കളെ കാണും. കേരളത്തിൽ നിന്നുളള പ്രധാന നേതാക്കളെ പ്രത്യേകം കാണുമെന്നും വിവരമുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.

കെപിസിസി നേതൃമാറ്റം ഉടനെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കെ സുധാകരനെ മാറ്റി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റമെന്നാണ് സൂചന.

അതിനിടെ കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചിരുന്നു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കന​ഗോലു ചൂണ്ടിക്കാട്ടി.