കെപിസിസി അദ്ധ്യക്ഷനാകണം; തിരക്കിട്ട നീക്കങ്ങൾ നടത്തി അടൂര്‍ പ്രകാശ്, നിര്‍ണായകമാവുക കെ സിയുടെ തീരുമാനം

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരക്കിട്ട നീക്കങ്ങൾ നടത്തി അടൂര്‍ പ്രകാശ്. അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണമെന്ന് ഗ്രൂപ്പുകള്‍ കടുത്ത നിലപാട് തുടരുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്റെ നീക്കം. സംസ്ഥാനത്ത് വരാനിരിക്കുന്ന രണ്ടു ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പുതിയ അദ്ധ്യക്ഷൻ വരണമെന്നാണ് ആവശ്യം. അതേസമയം ഇനി നിര്‍ണായകം ആകുന്നത് കെ സി വേണുഗോപാലിന്റെ തീരുമാനമാണ്.

ജാതി സമുദായ ഘടകങ്ങള്‍ നോക്കിയാണ് കോണ്‍ഗ്രസില്‍ പദവികളും സീറ്റും എന്നിരിക്കെ നിലവില്‍ കെപിസിസി ഉപാധ്യക്ഷന്മാരായിരിക്കുന്ന യുവാക്കള്‍ക്കോ മുതിര്‍ന്നവര്‍ക്കോ കെപിസിസി അധ്യക്ഷ പദത്തിലേക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസരങ്ങള്‍ ഇല്ല. ഈ ഘട്ടത്തിലാണ് അടൂര്‍ പ്രകാശ് കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നത്. കെ സുധാകരന്‍ ഒഴിഞ്ഞാല്‍ അതേ സമുദായത്തില്‍ നിന്ന് മറ്റൊരാള്‍, അതാണ് നീക്കത്തിന് പിന്നില്‍.

കടുത്ത മത്സരത്തിലൂടെ എല്‍ഡിഎഫിനെ തോൽപിച്ച സ്ഥിതിക്ക് ഇനി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാനും സാധിക്കും. നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് വലിയ എതിര്‍പ്പും ഉണ്ടായേക്കി അതുകൊണ്ട് തന്നെ എംപി സ്ഥാനവും കെപിസിസി അധ്യക്ഷ സ്ഥാനവും ഇനി കെ സുധാകരന്‍ ഒരുമിച്ച് കൊണ്ടുപോകേണ്ടെന്നന്നാണ് മറ്റു ഗ്രൂപ്പുകളുടെ വാദം.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കെപിസിസി അധ്യക്ഷനെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് വി ഡി സതീശന്‍-കെ സി വേണുഗോപാല്‍ ഗ്രൂപ്പുകള്‍ നീക്കം നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് കഴിയുംവരെ എന്നൊരു പരിഹാരമാണ് നേതൃത്വം മുന്നോട്ടുവച്ചത്. ഇപ്പോള്‍ പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. വിവാദങ്ങള്‍ക്ക് മാത്രം തിരുകൊളുത്തുന്ന കെ സുധാകരനെ പോലെ ഒരു അധ്യക്ഷനേയും കൊണ്ട് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ ആകില്ലെന്നാണ് പൊതുവികാരം.

Read more