അപകട കാരണം ലോറിയുടെ സാങ്കേതിക തകരാര്‍ അല്ലെന്ന് പ്രാഥമിക കണ്ടെത്തല്‍; ഡ്രൈവര്‍ ഉറങ്ങിയതോ, അമിത വേഗമോ കാരണം

തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 പേരുടെ മരണകാരണമായ അപകടത്തിന് കാരണം ലോറിയുടെ സാങ്കേതിക തകരാര്‍ അല്ലെന്ന് പ്രാഥമിക കണ്ടെത്തില്‍. ഇതേ കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി.ശിവകുമാര്‍ ഇന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു നല്‍കും.

ഡ്രൈവര്‍ ഉറങ്ങിയതോ അമിത വേഗത്തില്‍ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടക്കാനുള്ള കാരണമെന്നാണ് നിലവിലെ കണ്ടെത്തില്‍.

ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തില്‍ ടയര്‍ ഉരഞ്ഞതിന്റെ പാട് ഉണ്ട്. വേഗത്തില്‍ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയര്‍ ഇത്തരത്തില്‍ ഉരഞ്ഞപ്പോള്‍ ശക്തമായി ചൂടാകുകയും ഒരു ടയര്‍ ഡ്രമ്മില്‍നിന്ന് ഊരിപ്പോവുകയുമാണു ചെയ്തിരിക്കുന്നത്.

റജിസ്റ്റര്‍ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനാണ് അപകടത്തില്‍പ്പെട്ടത്. അതിനാല്‍ ടയറുകള്‍ക്ക് മറ്റു കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോള്‍ മറ്റ് ടയറുകള്‍ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തില്‍ പ്ലാറ്റ്‌ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്‌നര്‍ ബോക്‌സ് എതിര്‍ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണു സാധ്യതയെന്നും ആര്‍ടിഒ വ്യക്തമാക്കി.