കണ്ണൂർ പേരാവൂരിൽ രണ്ട് കെ.ആസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. പേരാവൂർ കല്ലേരിമലയിൽ വെച്ച് നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 34 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
യാത്രക്കാരിൽ ആരുടെയും നില ഗുരുതരമല്ല. ഒരു ഡ്രൈവറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസിൽ നിന്ന് പുറത്തെത്തിച്ച് പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ എത്തിക്കുകയുമായിരുന്നു.
Read more
താരതമ്യേന വീതി കുറഞ്ഞ റോഡിലാണ് അപകടം നടന്നത്. മഴ ശക്തമായ സാഹചര്യം കൂടിയായിരുന്നു. ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇടിയുടെ ആഘാതത്തിൽ ഒരു ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.