'മിന്നല്‍' ബസ് പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞതിനെതിരേ കെ.എസ്.ആര്‍.ടി.സി; ജീവനക്കാരെ അനുകൂലിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി. മിന്നല്‍ ബസ് പോലീസ് തടഞ്ഞ സംഭവം വിവാദത്തിലേക്ക്. ജീവനക്കാരെ അനുകൂലിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തി. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഓപ്പറേഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിന്നലിന് രാത്രി 11-നുശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേക സ്റ്റോപ്പ് നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു. യാത്രക്കാരി ആവശ്യപ്പെട്ട പയ്യോളിയില്‍ സ്റ്റോപ്പില്ലെന്നകാര്യം അറിയിച്ചിരുന്നതായി കണ്ടക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് – കണ്ണൂര്‍ പാതയില്‍ മിന്നല്‍ ബസിന് പുറകെ പയ്യോളിയില്‍ സ്റ്റോപ്പുള്ള സൂപ്പര്‍ഫാസ്റ്റും ഉണ്ടായിരുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് മിന്നല്‍ ബസിന് സ്റ്റോപ്പുള്ളത്. അടുത്ത സ്റ്റോപ്പ് കണ്ണൂരായിരുന്നു. അതുകൊണ്ട് സുരക്ഷാപ്രശ്നം ഇല്ലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

നേരത്തെ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര റൂറല്‍ എസ്പി കെഎസ്ആര്‍ടിസി എംഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെണ്‍കുട്ടി ചോമ്പാല പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ ഗൗരവം മനസ്സിലാക്കിയ സാഹചര്യത്തിലാണ് എംഡിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് റുറല്‍ എസ് പി എംപി പുഷ്‌കരന്‍ പറഞ്ഞു.

ജീവനക്കാരോട് ചോബാല പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും എത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. ആലപ്പുഴക്കാരായ ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് കേസെടുക്കും.
സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥിനിയുടെ പിതാവ് അസീസ്. കോട്ടയം പാലയില്‍ നിന്ന് മിന്നല്‍ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയോടാണ് കെ.എസ്.ആര്‍.ടി.സി ഈ കടുംകൈ ചെയ്തത്. നിര്‍ത്താതെ പോയ ബസ് രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതിരുന്നതിനാല്‍ ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.