പരിഹാരമാർഗങ്ങൾ ഏറെ പരീക്ഷിച്ചിട്ടും ശമ്പള പ്രതിസന്ധി പരിഹരിക്കാനാകാതെ കെഎസ്ആർടിസി. ഓണക്കാലം അടുത്തിട്ടും ശമ്പളം കിട്ടാത്തത് ജീവനക്കാരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇന്ന് മൂന്ന് മണിക്ക് ചർച്ച നടക്കും.
കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായാണ് മന്ത്രിമാർ ഇന്ന് ചർച്ച നടത്തുക. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് പണി മുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്.
Read more
ഭരണ-പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് 26ന് പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയാൽ ആദ്യ ഗഡു ശമ്പളവിതരണം ഇന്ന് തുടങ്ങിയേക്കും.