'കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ല': ബന്ധുനിയമനത്തിൽ കുറ്റക്കാരനെന്ന് ലോകായുക്ത

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. ആരോപണം പൂര്‍ണമായും സത്യമാണെന്നും ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും തുടർനടപടി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും. ജലീലിന്റെ വാദങ്ങൾ ലോകായുക്ത തള്ളി.

ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് കുറ്റകരമായി ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി.കെ. മുഹമ്മദ് ഷാഫി എന്ന വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും ലോകായുക്ത പറയുന്നു.