'കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവർക്ക് നാടിന്‍റെ അന്ത്യാഞ്ജലി'; കണ്ണീർക്കടലായി വിമാനത്താവളം

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു.

പൊലീസിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. വൈകാരിക രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി. ഓരോ ആംബുലന്‍സുകളെയും ഒരു അകമ്പടി വാഹനവും അനുഗമിക്കുന്നുണ്ട്.തമിഴ്നാട്ടുകാരായ 7പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി കസ്റ്റംസ് ക്ലിയറന്‍സിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക് മൃതദേഹം മാറ്റുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് പോകും.

അതേസമയം പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് തീപിടിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബങ്ങൾക്കുണ്ടായത് തീരാ നഷ്ടമാണ്. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നതെന്നും ദുരന്തം ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർനടപടികൾ കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരും വേണ്ട രീതിയിൽ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് നേരിട്ട് പോകുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.