ജഡ്ജിയുടെ പേരില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി; സൈബി ജോസ് കിടങ്ങൂര്‍ കൈപ്പറ്റിയത് 72 ലക്ഷം; നാല് അഭിഭാഷകരും സിനിമ നിര്‍മ്മാതാവും മൊഴി നല്‍കി

ജഡ്ജിക്ക് കൈമാറാനെന്ന പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകര്‍. ഹൈക്കോടതി വിജിലന്‍സിന് മുന്നിലാണ് നാല് അഭിഭാഷകര്‍ മൊഴി നല്‍കിയത്. സൈബിക്കെതിരെ തെളിവുണ്ടെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാനും ഹൈക്കോടതി വിജിലന്‍സ് നിര്‍ദേശം നല്‍കി.

മൂന്ന് ജഡ്ജിമാരുടെ പേരിലാണ് സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചു

എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായി. 15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. 5 ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി ലഭിച്ചിരുന്നു.

സംഭവത്തില്‍ സിനിമ നിര്‍മാതാവിന്റ മൊഴിയെടുത്തു. വിദേശത്തായിരുന്ന നിര്‍മാതാവ് കൊച്ചിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്.