മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ലളിതമായ പെരുമാറ്റം കൊണ്ടും ജീവിതശൈലി കൊണ്ടും എല്ലാവരുടെയും മനസ് കീഴടക്കിയ നേതാവാണ് ഹൈദരലി തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
അതികായനായ എല്ലാവരും ബഹുമാനിച്ചിരുന്ന ജ്യേഷ്ഠ സഹോദന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന് ശേഷം അദ്ദേഹത്തിന്റെ ചുമതലയാണ് ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ പദവി ഇദ്ദേഹത്തിന് വിജയകരമായി കൊണ്ടുപോകാന്‍ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു. അത്തരം സംശയങ്ങള്‍ അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ 12 വര്‍ഷമായി ഹൈദരലി തങ്ങള്‍ കാറ്റിലും കോളിലുമെല്ലാം മുസ്ലിം ലീഗിനെ നയിച്ചുവെന്നും എകെ ആന്റണി പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് ഒപ്പം കുടുംബ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് മറ്റ് സമുദായങ്ങളെക്കൂടി പരിഗണിച്ച് സമുദായ സൗഹാര്‍ദ്ദത്തിനായും ഹൈദരലി തങ്ങള്‍ പരിശ്രമിച്ചു. യുഡിഎഫിനും അദ്ദേഹം ഒരു കരുത്തായിരുന്നു എന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.
വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടന്ന് ചികിത്സയിലിരിക്കവെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കേരളീയ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.
കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Read more
മൃതദേഹം കൊച്ചിയില്‍ നിന്ന് മലപ്പുറത്തെത്തിച്ച ശേഷം വൈകുന്നേരം അഞ്ച് മണി മുതല്‍ ടൗണ്‍ ഹൗളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രിയിലും പൊതു ദര്‍ശനം തുടരും. നാളെ രാവിലെ 9മണിക്കാണ് ഖബറടക്കം.