ട്വന്റിഫോര്‍ ന്യൂസിലെ പ്രമുഖ അവതാരകന്‍ ഡോ. അരുണ്‍കുമാര്‍ ട്വന്റിഫോര്‍ വിട്ടതില്‍ വിശദീകരണവുമായി ആര്‍ ശ്രീകണ്ഠന്‍ നായര്‍. ഡോ. അരുണ്‍കുമാര്‍ അദ്ദേഹത്തിന്റെ കേരള സര്‍വകലാശാലയിലെ ജോലിസംബന്ധമായ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷത്തെ ലീവില്‍ പോയതാണെന്നായിരുന്നു വിശദീകരണം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയെ തെറ്റായി ചിത്രീകരിച്ചെന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ വാദം.
ട്വന്റിഫോര്‍ ന്യൂസിന്റെ ഗുഡ്‌മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയിലായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത ആളാണ് താനെന്ന് പറഞ്ഞുവെച്ച ശ്രീകണ്ഠന്‍ നായര്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തങ്ങളെ തകര്‍ക്കാനാകില്ലെന്നും, അവരൊക്കെ പാളയില്‍ കിടക്കുമ്പോള്‍ താന്‍ പണി തുടങ്ങിയതാണ് എന്നുമായിയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആളുകളല്ല എന്റെ പ്രേക്ഷകര്‍ എന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനുകള്‍ക്ക് അപ്പുറമുള്ള രണ്ടരക്കോടി ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണ് എന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
കേരളാ സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രൊബേഷനിലാണ് ഡോ. അരുണ്‍കുമാര്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ഒരു വര്‍ഷത്തേക്ക് അവധിയില്‍ പ്രവേശിച്ചാണ് ഡോ. അരുണ്‍കുമാര്‍. വ്യത്യസ്ത ശൈലിയിലൂടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അരുണ്‍കുമാറിന് ആരാധകരേറെയായിരുന്നു. യൂണിവേഴ്സിറ്റിയിലെ അവധി അവസാനിച്ചതോടെ ചാനല്‍ വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. ഒരു വര്‍ഷമായിരുന്ന അവധി നീട്ടിക്കിട്ടാന്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രൊബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല.
Read more
നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ കോഴിക്കോട് റീജിയണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചാനലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ മുഖമായ പ്രധാന അവതാരകന്‍ അരുണ്‍കുമാറും ചാനല്‍ വിട്ടത്.