മുകേഷിനെ പൊതിഞ്ഞു പിടിച്ച് സിപിഎം, ഇറക്കി വിടാൻ സിപിഐ; ചേരിതിരിഞ്ഞ് ഇടതുമുന്നണി

സിപിഎം എംഎല്‍എയും നടനുമായ എം മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായി സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കൾ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നതോടെ ഇടതുമുന്നണി പ്രത്യക്ഷത്തില്‍ രണ്ടു തട്ടിലായി.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മുകേഷിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മുകേഷ് ഒരു മിനിറ്റു പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്വമേധയാ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ സിപിഎം നേതൃത്വം രാജി ചോദിച്ചു വാങ്ങണമെന്നും ആനി രാജ പരസ്യമായി ആവശ്യപ്പെട്ടു.

സിപിഐ സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് ഇത് തന്നെയാണ്. ഇതുവരെയും ആരോപണ നിഴലിലായിരുന്നെങ്കില്‍ മുകേഷ് ഇപ്പോള്‍ സ്ത്രീപീഡന പരാതിയില്‍ ഒന്നാം പ്രതിയാണെന്നും സ്ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പറയുന്ന പിണറായി സര്‍ക്കാര്‍ വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നുമാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം. ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രതികരണത്തിന് സിപിഐ സംസ്ഥാനനേതൃത്വം നടത്തിയിട്ടില്ല. എന്നാല്‍ മുകേഷിന്റെ രാജി പരസ്യമായി ആവശ്യപ്പെടാനാണ് സിപിഐ ഒരുങ്ങുന്നത്.

എന്നാൽ ആരോപണം ഉയര്‍ന്ന സാഹചര്യം മുതല്‍ തുടരുന്ന മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് കേസെടുത്തിട്ടും സിപിഎം തുടരുകയാണ്. മുകേഷ് രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്റെ നിലപാട്. ആരോപണ വിധേയര്‍ മുമ്പും രാജിവച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ജയരാജന്‍, മുകേഷിന്റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന സൂചനയും നല്‍കി.

ഇതേകാര്യം തന്നെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റു കൂടിയായ സിപിഎം നേതാവ് പികെ ശ്രീമതി അഭിപ്രായപ്പെട്ടത്. മുകേഷ് കുറ്റവാളിയല്ലെന്നും ആരോപണവിധേയന്‍ മാത്രമാണെന്നും ആരോപണവിധേയര്‍ സ്ഥാനമൊഴിയണമെന്ന് ഒരു നിയമത്തിലും പറയുന്നില്ലെന്നും ശ്രീമതി പറഞ്ഞു.

എന്നാല്‍ സിപിഎമ്മിനുള്ളില്‍ മുകേഷിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എംഎ ബേബി പരസ്യമായി പറയുകയും ചെയ്തു. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുമുന്നണിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബേബി പ്രതികരിച്ചത്.

ഇതോടെ മുകേഷിനെതിരേ നടപടിയെടുക്കാതെ പറ്റില്ലെന്ന സ്ഥിതിയിലേക്കാണ് സിപിഎം എത്തിനിൽക്കുന്നത്. മുകേഷ് സ്ഥാനമൊഴിയുന്നതില്‍ കവിഞ്ഞ് മറ്റൊന്നും സ്വീകാര്യമല്ലെന്ന നിലപാടാണ് ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നത്. മുകേഷ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കാനാകില്ല. എന്നാല്‍ എംഎല്‍എ സ്ഥാനം സ്വമേധയാ ഒഴിയാന്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാം. മുഖ്യമന്ത്രി അത് ചെയ്യുമോ ഇല്ലയോ എന്നുള്ളതാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.