ലൗ ജിഹാദ് ഹിന്ദുത്വ പ്രചാരണം; പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്ന് യെച്ചൂരി

ലൗ ജിഹാദ് ഹിന്ദുത്വ പ്രചാരണമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഭരണഘടന ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ആ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വിവാഹം വിവാദമായതിനെ തുടര്‍ന്ന്  പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

രാമ നവമിയുടെ പേരില്‍ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ ഉണ്ടായ കലാപം കേട്ടുകേള്‍വിയില്ലാത്തതാണ്. കുറ്റക്കാര്‍ക്കെതിരെ അതത് സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം. ഇത്തരം വര്‍ഗീയ ആക്രമണങ്ങള്‍ അപകടകരമാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നു. ജനജീവിതം പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ ആസ്തി കൊള്ളയടിക്കപ്പെടുകയാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് വര്‍ഗീയ നീക്കങ്ങള്‍ നടത്തുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് എതിരായ പോരാട്ടം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more

കോടഞ്ചേരി വിവാദത്തില്‍ വിശദാകരണവുമായി ജോര്‍ജ് എം.തോമസ് രംഗത്ത് വന്നിരുന്നു. ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജ് എം.തോമസ് പറഞ്ഞു.