ഒരു കൊടുങ്കാറ്റ് ഇല്ലെങ്കിൽ ജയിക്കാൻ കഴിയാത്ത സംവിധാനമായി യു.ഡി.എഫ് മാറി: നികേഷ് കുമാർ 

രാഷ്ടീയത്തിലെ പ്രൈം ഏജിലാണ് രമേശ് ചെന്നിത്തലയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍. ഈ പ്രായത്തില്‍ ഒരു രാഷ്ട്രീയക്കാരനും തോല്‍വി അംഗീകരിക്കില്ല എന്നും നികേഷ് കുമാര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഒരു കൊടുങ്കാറ്റ് ഇല്ല എങ്കില്‍ ജയിക്കാന്‍ കഴിയാത്ത സംവിധാനമായി യുഡിഎഫും കോണ്‍ഗ്രസും മാറിയിട്ടുണ്ട്. രണ്ടായിരത്തിയഞ്ചിനുശേഷം സംഘടന ദുര്‍ബ്ബലമാണ് . ഗ്രൂപ്പിന്റേയും ഉപരിപ്ലവ ചപ്പടാച്ചികളുടെയും കാലം കഴിഞ്ഞു എന്ന് നികേഷ് പറയുന്നു.

എം. വി  നികേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ചെന്നിത്തലയെ മഴയത്ത് നിര്‍ത്തരുത്

രമേശ് ചെന്നിത്തലയെ ഞാന്‍ ആദ്യം കാണുന്നത് പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനടുത്ത് വെച്ചാണ്. അവിടുത്തെ മൊത്തക്കച്ചവടക്കടയിലാണ് സാധനങ്ങള്‍ വില കുറഞ്ഞ് കിട്ടുക. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അധികം ദൂരം ഉണ്ടെങ്കിലും ഒന്നിച്ച് സാധനം എടുക്കുമ്പോള്‍ അവിടെച്ചെന്നെടുക്കാനെ അനുവാദമുള്ളൂ. ട്രെയിന്‍ പോയി ഗേറ്റ് തുറക്കാന്‍ ബസ്സുകളും അത്യാവശ്യം കാറുകളും കാത്തു നില്‍ക്കുകയാണ്. വരിവരി നില്‍ക്കുന്ന ബസ്സുകളെയും കാറുകളെയും കടന്ന് നടക്കവേ ദാ ഇരിക്കുന്നു ഒരു കാറില്‍ രമേശ് ചെന്നിത്തല. അപരിചിതനായ എന്നെക്കണ്ടപ്പോള്‍ ചെന്നിത്തല പാല്‍ പുഞ്ചിരി തൂകി. ചെന്നിത്തല അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ എന്തോ ആണ്. അറിയാത്ത ഒരാളോട് അടുത്തറിയുന്ന ഒരാളെപ്പോലെ ചിരിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രമാണ്. ഞങ്ങള്‍ കണ്ണൂരുകാര്‍ അന്യനെ കാണുമ്പോള്‍ തൂറാന്‍ മുട്ടിയപോലെയിരിക്കും. ചിരിക്കില്ല.

പിന്നീട് ഏഷ്യാനെറ്റില്‍ ചേര്‍ന്നപ്പോളാണ് ഔദ്യോഗികമായി പരിചയപ്പെടുന്നത്. സുഹൃത്തുക്കളായി. ഇടയ്ക്ക് വിളിക്കും. അച്ഛന്‍ യുഡിഎഫിലുള്ളപ്പോള്‍ രണ്ടു പ്രാവശ്യം മത്സരിക്കാനും ആവശ്യപ്പെട്ടു. അത് ചെയ്യാതെ അഴീക്കോട്, അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിന്നപ്പോഴും സൗഹൃദം വെട്ടിയില്ല.

ചെന്നിത്തലയെ ഇപ്പോള്‍  കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് . കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് മുതല്‍ സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി നേതൃ സ്ഥാനം വരെ ഘട്ടം ഘട്ടമായി വളര്‍ന്ന നേതാവാണ്‌ ഇനി എന്ത് എന്ന മട്ടില്‍ സ്തംഭിച്ചു നില്‍ക്കുന്നത്. ജനമനസ്സില്‍ കെ കരുണാകരനോ ഉമ്മന്‍ ചാണ്ടിയോ ഒന്നുമല്ല ചെന്നിത്തല. എങ്കിലും കഠിനാധ്വാനി ആണ്. ആരെയും വിശ്വസിക്കാത്ത പ്രകൃതമാണെന്ന കരക്കമ്പിയുണ്ടെങ്കിലും കുറേയധികം പേരുള്ള ഐ ഗ്രൂപ്പ് വിജയകരമായി കൊണ്ടുനടന്നു. ഗസ്റ്റ് ഹൗസുകളില്‍ താമസത്തിന് വന്നാല്‍ ഉമ്മന്‍ചാണ്ടിയാണോ വന്നതെന്ന് തോന്നും. അത്രയ്ക്കാളുണ്ടാകും ചുറ്റും.

രമേശ്‌ ചെന്നിത്തലയെ നീക്കിയത് നന്നായി എന്ന് പറയുന്നവരുണ്ട്.  ഗുണം ചെയ്യുമെങ്കില്‍ നല്ലത് .  പക്ഷെ കീഴ്വഴക്കമായി. ഇലക്‌ഷനില്‍ തോറ്റാല്‍ മുന്‍ പിന്‍ നോക്കാതെ കസേരയില്‍ നിന്ന് വലിച്ച് താഴെയിടാം. ലോക്സഭയില്‍ തോല്‍വി ആണെങ്കില്‍ സതീശന്റെ കാര്യം അപ്പോള്‍ എന്താകും ?

വേണുവാണ് ഹൈക്കമാണ്ട്, വേണുവാണ് ചെന്നിത്തലയെ മൂലക്കിരുത്തിയത്, വേണുവിന്റെ കേരളത്തിലെ എന്‍ട്രി വരെ മാത്രമേ സതീശന് ഇടമുള്ളൂ എന്നൊക്കെ പറയുന്നവരുണ്ട്.  ചെന്നിത്തലയെന്ന അധികാര കേന്ദ്രം ഇല്ലാതാക്കിയത് വേണുവിന് ഗ്രൂപ്പ് പിടിക്കാനാണത്രെ. കള്ള ഹിമാറുക്കള്‍ അങ്ങനെ പലതും പറയും. അതല്ല, രാജ്യത്തിന്‌ ഇപ്പോള്‍ ഒരു പ്രതിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടല്ലോ. ഇതാണ് രീതിയെങ്കില്‍ പതിനാലിലും പത്തൊന്‍പതിലും ദയനീയമായി തോറ്റ രാഹുലിനെ മാറ്റി അവിടെ പുതിയ ഒരു സതീശനെ കൊണ്ടിരുതാത്തതെന്ത് ? ജ്യോതിരാദിത്യനും പൈലറ്റിന്റെ മോനുമൊക്കെ ഉണ്ടായിരുന്നില്ലേ ? രാഹുലിന് ബാധകമല്ലാത്തത് ചെന്നിത്തലയെ വേദനിപ്പിച്ച് ചെയ്യാമെന്നോ?

പരാജയത്തിന്റെ കാര്യം വിശദമായി പരിശോധിക്കാനാണ് അശോക്‌ ചവാന്‍ കമ്മിറ്റി എന്നായിരുന്നു സോണിയാഗാന്ധി പറഞ്ഞത് . പക്ഷെ കാരണം പറയാതെ തല(മുറ)മാറ്റം മാത്രമാണ് നടക്കുന്നത്. ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുന്ന ജനവിഭാഗം ഇന്ത്യയിലെ നഗര ജീവികളായ ഇടത്തരക്കാരാണെന്നാണ് പറയുക. ഈ മനുഷ്യര്‍ക്ക് സപ്പോര്‍ട്ട് ആവശ്യമുണ്ട്. രാഷ്ട്രീയസംവിധാനങ്ങളുടെ ഓരോ നീക്കത്തിനും വോട്ടറുടെ മനസ്സില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയണം. വിശ്വാസ്യത വേണം. തട്ടിക്കൂട്ട് സംഭവത്തിന് വലിയ പ്രസക്തിയില്ല . വെള്ളപ്പൊക്കം, നിപ്പ, കോവിഡ് തുടങ്ങിയവ പിണറായി അവസരമാക്കി എന്ന് ഇനിയും പറയുന്നത് ക്ലീഷേ ആകുമെന്നറിയാം.

എ പ്രദീപ്‌ കുമാര്‍ ഒരിക്കല്‍ പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് മുന്‍പ് കുറഞ്ഞത് മൂന്നു വട്ടം എങ്കിലും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തും.  പക്ഷെ കാര്യമില്ല . മുന്നൂറ്റി അറുപത്തി അഞ്ച് ദിവസവും മനോരമയും മാതൃഭൂമിയും യുഡിഎഫ് ലഘുലേഖകളായി എത്തുന്നുണ്ടല്ലോ’. ഈ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് പിണറായി വിജയന്‍ നികത്തി എന്നതാണ് അഞ്ചു വര്‍ഷത്തെ വലിയ മാറ്റം. സാധാരണ ഗതിയില്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പിണറായി എന്ന കമ്മ്യൂണിക്കേറ്ററില്‍ നിന്നുണ്ടായി. തന്നെ കേള്‍ക്കുന്നവര്‍ അരിവാള്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല എന്ന് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കും ആര്‍എസ്എസുകാര്‍ക്കും വിരക്തിയുണ്ടാക്കാതെ  ശാസ്താംകോട്ടയിലെ കുരങ്ങനും ഉറുമ്പുമൊക്കെ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു . പി ആര്‍ ഏജന്‍സിയുടെ വര്‍ക്ക് എന്നൊക്കെയുള്ള പരിഹാസമുണ്ടായി. പ്രശാന്ത് കിഷോറുമാരുടെ കാലത്താണോ ഇതൊരാരോപണമാകുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കരുത് എന്ന് പറഞ്ഞവര്‍ ആയിരം വീട് വെച്ചു കൊടുക്കും എന്ന് കെ പി സി സി ആപ്പീസിലിരുന്ന് വാഗ്ദാനം ചെയ്തു .അത് നടപ്പാക്കാന്‍ ശ്രമിക്കാത്തവരേ, നിങ്ങള്‍ക്ക് പാര്‍ട്ടിയുടെ വിശ്വാസ്യത അറിയില്ല .  അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതിനേക്കാള്‍ ഏറെയാണ്‌ നാട്ടുകാരുടെ കോണ്‍ഗ്രസിലെ വിശ്വാസം .

മോദിയും നല്ല കമ്മ്യൂണിക്കേറ്ററാണല്ലോ . പിണറായിയെ വ്യത്യസ്തനാക്കുന്നത് ‘ചെയ്യുന്നതേ പറയൂ പറയുന്നതേ ചെയ്യൂ ‘ എന്ന ഇമേജ് ആണ്. കിറ്റും പെന്‍ഷനും മാത്രമല്ല ശബരിമലയും പിണറായിയുടെ ഇമേജ് ബൂസ്റ്റര്‍ ആയി. സുപ്രീം കോടതി പറഞ്ഞപ്പോള്‍ തന്റേടത്തോടെ നടപ്പാക്കി, വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഒഴിഞ്ഞു. കണിശക്കാരന്‍ എന്ന ഇമേജ് ഒന്നുകൂടി ചേര്‍ന്ന് നിന്നു. സിഎഎയും എന്‍ആര്‍സിയും ഒരിടതുപക്ഷ സര്‍ക്കാരിനും കിട്ടാത്ത അവസരം സൃഷ്ടിച്ചു . നെഞ്ചളവ് നോക്കിയപ്പോള്‍ പിണറായിക്ക് ബദലില്ലാതായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരെ നിരത്തിയതും നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നിശ്ചയിച്ചതും പുതിയ നറേറ്റീവ് സൃഷ്ടിച്ചു. രണ്ട് ടേമില്‍ എംഎല്‍എമാരെ മാറ്റാനും ഒരു ടേം വ്യവസ്ഥയില്‍ മന്ത്രിമാരെ മാറ്റാനും കഴിയുന്ന നേതൃ സമ്പത്തുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്ന പരസ്യപ്പെടുത്തല്‍ കൂടിയായി അത് .

മുന്നണി  കൊണ്ടു നടക്കുന്നതില്‍ കെ കരുണാകരന്‍ കാണിച്ച മെയ് വഴക്കം ചരിത്രമാണ് . കരുണാകരന് ശേഷം ആ കസേര വലിച്ചിട്ടിരിക്കുന്നതിപ്പോള്‍ പിണറായി വിജയനാണ്. ജോസ് കെ മാണിയെ യു ഡി എഫില്‍ നിന്ന് പുറത്താക്കുന്നതായി അന്നത്തെ മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പ്രഖ്യാപിക്കുന്നു. ശേഷം ജോമോന്‍ നരകത്തിലേക്ക് എന്നായിരുന്നു ഇന്ദിരാ ഭവനിലെ സ്ക്രിപ്റ്റ്. കേരളാ കോണ്‍ഗ്രസിനെ പെട്ടെന്നൊന്നും എല്‍ഡിഎഫില്‍ എടുക്കില്ല, എടുത്താല്‍ തന്നെ അവരാഗ്രഹിക്കുന്ന സീറ്റുകള്‍  കൊടുക്കാതെ ചവിട്ടി നിര്‍ത്തും എന്നൊക്കെ കരുതി. ‘ജോസിന്‍റെ പാര്‍ട്ടിയെ വളര്‍ത്തലാണ് മുന്നണി താല്പര്യം’ എന്ന് പിണറായി പരസ്യ പ്രസ്താവന നടത്തി. സ്വന്തം കാര്യത്തില്‍ പിഴച്ച ജോസ് കെ മാണി കേരളാ കോണ്‍ഗ്രസുകളില്‍ വലിയ പാര്‍ട്ടി തന്റേത് തന്നെ എന്നുറപ്പിച്ചു .

യുഡിഎഫിലെ ഇടത് സ്വഭാവമുള്ള പാര്‍ട്ടികള് ഇപ്പോള്‍  അനങ്ങിത്തുടങ്ങിയിട്ടുണ്ട് . ആര്‍എസ്പിയും സിഎംപിയും ഫോര്‍വേഡ് ബ്ലോക്കും ‘ഇലക്ഷനില്‍ തോറ്റയുടന്‍ മുന്നണി മാറ്റം മര്യാദയല്ലല്ലോ ‘എന്ന നിലപാടെടുത്ത് യു ഡിഎഫിന് അഭിമാനക്ഷതമുണ്ടാക്കുന്നു .

ഇനി ഷോര്‍ട്ട് ആക്കി പറയാം . ഒരു കൊടുങ്കാറ്റ് ഇല്ല എങ്കില്‍ ജയിക്കാന്‍ കഴിയാത്ത സംവിധാനമായി യുഡിഎഫും കോണ്‍ഗ്രസും മാറിയിട്ടുണ്ട് . രണ്ടായിരത്തിയഞ്ചിനുശേഷം സംഘടന ദുര്‍ബ്ബലമാണ് . ഗ്രൂപ്പിന്റേയും ഉപരിപ്ലവ ചപ്പടാച്ചികളുടെയും കാലം കഴിഞ്ഞു. ആന്റണി നശിച്ച് വളമാവട്ടെ എന്ന് കുഞ്ഞൂഞ്ഞും ഉമ്മന്‍ ചാണ്ടി തോല്‍ക്കട്ടെ എന്ന് രമേശും ചെന്നിത്തല തുലയട്ടെ എന്ന് കെ സി വേണുഗോപാലും വിചാരിച്ചതോടെ എതിര്‍പക്ഷം കളം കയ്യടക്കി. പിണറായി പഴയ പിണറായിയല്ല . രണ്ടാം വട്ടത്തിലേക്ക് കടക്കുമ്പോള്‍ ആശാന്‍ കൂടുതല്‍ വിശാല ഹൃദയനാകുന്നുണ്ട് . കടക്ക് പുറത്ത് ഇനി പ്രതീക്ഷിക്കേണ്ട . ആ കാലവും പിണറായി പിന്നിട്ടു .

അവസാന ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ നല്ല ചീത്തപ്പേരുണ്ടാക്കി വെച്ചിട്ടുണ്ട്. ‘കൊള്ളയല്ല തീവെട്ടിക്കൊള്ളയാണ് നികേഷേ’ എന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്  രണ്ടായിരത്തി പതിനാറില്‍ പറഞ്ഞത് കടും വെട്ട് കണ്ടപ്പോഴാണ്. അമ്മാതിരി വെട്ട് ഇനിയുണ്ടാകില്ല എന്ന് ജനത്തെക്കൊണ്ട് തോന്നിപ്പിക്കാന്‍ നല്ല അധ്വാനം വേണം. കേരളത്തിന് ബദല്‍ ഇല്ലാതെ പോകുന്നത് ആശാസ്യമല്ല . കോണ്‍ഗ്രസാണ് അത്തരമൊരു ബദലിന് സ്വീകാര്യമായ പാര്‍ട്ടി. തിരിച്ചു പിടിക്കാനുള്ള ഓട്ടം തുടങ്ങുമ്പോള്‍ തന്നെ ചെന്നിത്തല നിസ്സഹകരണത്തിലേക്ക് പോയിക്കഴിഞ്ഞു. ക്ലോസ് റേഞ്ചില്‍ വെടികൊണ്ടതിന്റെ ആഘാതമാണത്. പടനായകന്റെ തല യുദ്ധം തോറ്റുള്ള മടക്കത്തില്‍ തന്നെ ഷൂട്ട്‌ ചെയ്തെടുത്തു കളഞ്ഞല്ലോ  .അതുകൊണ്ട് പരിഹാരമായി എന്ന് വിചാരിക്കരുത്. നേതൃ മാറ്റം കൊണ്ട് തീരുന്നതല്ല ഇപ്പോഴത്തെ പ്രശ്നങ്ങള്‍ . പ്രത്യേകിച്ച് സംഘടന രണ്ട് ഗ്രൂപ്പുകളുള്ള പാളത്തിലൂടെ ഓടുമ്പോള്‍. രാഷ്ടീയത്തിലെ പ്രൈം ഏജിലാണ് ചെന്നിത്തല. ഈ പ്രായത്തില്‍ ഒരു രാഷ്ട്രീയക്കാരനും തോല്‍വി അംഗീകരിക്കില്ല. മഴയത്ത് അധിക നേരം നില്‍ക്കാന്‍ കഴിയുകയുമില്ല. അടുത്ത ഇന്നിങ്ങ്സ് എവിടെ തുടങ്ങണം എപ്പോള്‍ തുടങ്ങണം എന്ന ആലോചനയായിരിക്കും .ഓപ്പറേഷനും താലികെട്ടും ഇടവിട്ടിടവിട്ട് കാണുമ്പോള്‍ വലിയ കൊടുങ്കാറ്റിന് മുന്‍പിലെ നിശബ്ദത പോലെ…