മധു കൊലക്കേസ്: കോടതി ഇന്ന് പരിഗണിക്കും, സി.രാജേന്ദ്രന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു കൊലക്കേസ് കോടതി ഇന്ന് പരിഗണിക്കും. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതിയാണ് കേസ് പരിഗണിക്കുക. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി. രാജേന്ദ്രനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ച വി.ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി കേസില്‍ നിന്നും ഒഴിയാന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ പുതിയ മധുവിന്റെ കുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. കേസില്‍ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ് എം മേനോനാണ് ഹാജരാവുക.

വിചാരണ നടപടികള്‍ വൈകുന്നതില്‍ മധുവിന്റെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. മാര്‍ച്ച് 26ന് കേസ് പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നേരത്തെ ആക്കുകയായിരുന്നു.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.