വിദ്യാർത്ഥി സംഘർഷങ്ങൾക്ക് പിന്നാലെ വ്യാഴാഴ്ച അടച്ച മഹാരാജാസ് കോളജ് ഇന്ന് തുറന്നു. എന്നാൽ ക്ലാസിൽ ഇന്ന് ഹാജരായത് 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. അതേസമയം കോളജിൽ എസ്എഫ്ഐ സമരത്തിലാണ്. കോളേജിൽ പൊലീസ് സാന്നിധ്യം തുടരുന്നുണ്ട്.
മലബാർ മേഖലയിൽ നിന്നടക്കം ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന നല്ലൊരു ശതമാനം വിദ്യാർത്ഥികളും എത്താതിരുന്നതാണ് ഹാജർ നില കുറയാൻ കാരണം. മറ്റന്നാൾ മുതൽ റിപ്പബ്ലിക്ക് ദിനം ഉൾപ്പെടെ വീണ്ടും തുടർച്ചയായ അവധി ദിനങ്ങളായത് കൊണ്ടാണ് വിദ്യാർത്ഥികൾ എത്താത്തതെന്ന് അധ്യാപകർ പറയുന്നു.
യൂണിറ്റ് പ്രസിഡന്‍റിന് നേരെയുണ്ടായ അതിക്രമത്തിൽ ഉൾപെട്ടവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ സമരം. കോളേജ് യൂണിയൻ ചെയർപേഴ്സൻ തമീം റഹ്‍മാന്‍റെ നേതൃത്വത്തിലാണ് സമരം കോളേജില്‍ നടക്കുന്നത്. സ്റ്റാഫ് അഡ്വൈസർ ഡോക്ടർ കെഎം നിസാമുദ്ദീന് എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിയും പ്രതിഷേധം തുടരുന്നുണ്ട്.
Read more
സംഘർഷങ്ങളുടെ പേരിലെടുത്ത പത്ത് കേസുകളിൽ അന്വേഷണം തുടരുകയാണ്. സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾക്ക് തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കുക.