അമിതമായി വായ്പയെടുക്കുന്നതു കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് (ആർജിഐഡിഎസ്) സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ ഡിജിറ്റൽ വിപ്ലവം തിരിച്ചടിയുണ്ടാക്കും. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വർദ്ധിച്ചു. ദരിദ്രർക്കു പിന്തുണ നൽകുന്നതു പോലെയുള്ള പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകൂ. സങ്കീർണമായി കൊണ്ടിരിക്കുന്ന വായ്‌പാ പ്രതിസന്ധി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിക്കുന്ന താത്കാലിക നടപടികളിലൂടെ ഇല്ലാതാക്കാനാകില്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
Read more
കേരളമടക്കം പല സംസ്ഥാനങ്ങളിലും പൊതുമേഖലാ ബാങ്കുകൾ താറുമാറായി. കൂടുതൽ കടമെടുക്കാൻ നിർബന്ധിതമായി. ഭാവി ബജറ്റുകൾക്ക് അതൊരു ബാധ്യതയായി മാറുകയും ചെയ്തു- മൻമോഹൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമൂഹിക നിലവാരം ഉയർന്ന തലത്തിലാണ് എന്നും ഭാവിയിൽ മറ്റു മേഖലകളിൽ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.