മാന്നാർ കല കൊലപാതകം: വീടിന്റെ പരിസരത്ത് കുഴികളെടുത്ത് പരിശോധിക്കും, അനിലിനെ നാട്ടിലെത്തിക്കുന്നത് വൈകുന്നു

മാന്നാർ കല കൊലപാതക കേസിൽ ഒന്നാംപ്രതി ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുന്നു. ഇസ്രയേലിലുള്ള അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് തന്നെയാണ് സൂചന. അതേസമയം സംഭവത്തിൽ കൂടുതൽ തെളിവുകൾ ഇനിയും ആവശ്യമാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച കലയുടേതെന്ന് കരുതുന്ന വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക എന്നത് സങ്കീർണത നിറഞ്ഞ ഒരു പ്രശ്നമാണ്. നിലവിൽ കസ്റ്റഡിയിലുള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ഇവർ നൽകുന്ന മൊഴികൾ വൈരുധ്യം നിറഞ്ഞതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അനിൽകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് കുഴികളുണ്ടാക്കി പരിശോധിക്കും. വീടിനോട് ചേർന്ന് ഭൂമിക്കടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. സംഭവസമയത്ത് അനിൽ കെട്ടിട നിർമാണ പണിക്കാരനായതുകൊണ്ട് ഇത്തരം സാധ്യതകൾ പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം കേസിൽ വിവര ശേഖരണത്തിന്റെ ഭാഗമായി പൊലീസ് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.