അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടത്തിയതിന് തെളിവായി പോലീസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് സിപിഐ സംസ്ഥാന അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. വെടിവെപ്പ് നടന്ന മഞ്ചക്കണ്ടി സന്ദര്‍ശിച്ച സിപിഐ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത് പ്രകാശ് ബാബുവായിരുന്നു.
ഏറ്റുമുട്ടല്‍ നടന്നെന്ന് പറഞ്ഞത് തെറ്റാണെന്ന് തങ്ങള്‍ അവിടെ പോയപ്പോള്‍ ബോധ്യമായി. അവിടുത്തെ ഊര് മൂപ്പനുമായും ആദിവാസികളുമായും ഞങ്ങള്‍ സംസാരിച്ചു. അവിടെ കാണുന്ന ഷെഡ്ഡ് മൂന്നോ നാലോ ദിവസത്തിന് മുമ്പ് പോലീസ് നിര്‍മിച്ചതാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച് വരുന്ന ഷെഡ്ഡാണിതെന്നാണ് പോലീസ് പറഞ്ഞത്. ആഹാരം കഴിച്ച് കൊണ്ടിരിക്കെ മാവോവാദികളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഞങ്ങള്‍ക്കവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.
അവർ കീഴടങ്ങാൻ കാത്തിരുന്നവരായിരുന്നു. അവരെകൊണ്ട് കാട്ടിൽ താമസിക്കുന്നവർക്ക് യാതൊരു ഉപദ്രവവും ഉണ്ടായിരുന്നില്ല. വർഷങ്ങളായി അവർ വന്നു പോകുന്നുണ്ടെന്നാണ് ആദിവാസികൾ തങ്ങളോട് പറഞ്ഞത്.ആദിവാസികളോട് ആയുധമെടുത്ത് പോരാടണമെന്ന് അവർ പറഞ്ഞിട്ടില്ല.യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല.ആദിവാസികളുടെ ആടുകളെ കൊല്ലുകയോ ഭക്ഷണം തട്ടിപ്പറിക്കുകയോ ചെയ്‌തിട്ടില്ല.അവരുടെ സ്ത്രീകൾക്ക് നേരെ മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലായെന്നാണ് ആദിവാസികൾ പറയുന്നത്. കേരളത്തിൽ മുമ്പ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന് പകരം വീട്ടാൻ അവർക്ക് എന്നേ ആക്രമണങ്ങൾ കേരളത്തിൽ അഴിച്ച് വിടാമായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥന് നേരെയോ സാദാ പൊലീസുകാരന് നേരെയോ പോലും അവർ ആക്രമണം നടത്തിയിട്ടില്ല. ഒരു പൊലീസ് സ്റ്റേഷന് നേരെ കല്ല് പോലും എറിയാത്തവരാണ് അവരെന്നും പ്രകാശ് പറുയുന്നു.
പോലീസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. വെടിവെപ്പ് നടക്കുന്ന സമയത്ത് എല്ലാവരും കമിഴ്ന്ന് കിടക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്ത് ആരാണ് നിന്ന് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമാക്കണം. ആ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അസ്വാഭാവികത മനസ്സിലാകും. മറ്റൊന്ന് പൊലീസിന് പരിക്കേൽക്കാത്തത് തന്നെയാണ് പ്രധാന സംശയം. അന്വേഷണത്തിലൂടെ ഇത് കണ്ടെത്തണം. തണ്ടര്‍ബോള്‍ട്ടിന്റെ വന്‍സംഘം നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മണിവാസകന്‍ വെടിയുതിര്‍ത്തുവെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെയടക്കം പോലീസ് തെറ്റിദ്ധരിപ്പിക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടലാണെന്ന് മുഖ്യമന്ത്രി പറയാനാടിയാക്കിയതെന്നും പ്രകാശ് ബാബു പറഞ്ഞു.
Read more
പോസ്റ്റര്‍ വിതരണം ചെയ്യുന്നതും ആശയ പ്രചരണം നടത്തുന്നതും എങ്ങനെ കുറ്റകരമായി കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. മാവോവാദി ലഘുലേഖകള്‍ വിതരണം ചെയ്തതിന് കോഴിക്കോട് രണ്ട് പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎപിഎ പിന്‍വലിക്കണമെന്ന് ഇടത് പാര്‍ട്ടികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു സംഭവം. ആശയ പ്രചാരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഭരണഘടനാ വിരുദ്ധമാണത്. അത് നീതികരിക്കാന്‍ സാധിക്കില്ല. പോലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടി വരും. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് ചില ഉദ്യോഗസ്ഥരാണ് വ്യതിചലിച്ച് പോകുന്നതെന്നും പ്രകാശ് ബാബു വിശദീകരിച്ചു.