രാഹുൽ ഗാന്ധിക്കെതിരെയുള്ള പിവി അൻവറിന്റെ അധിക്ഷേപ പരാമര്‍ശത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവര്‍ അപമാനിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നു? രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു. അതേസമയം അൻവറിന്റെ പരാമർശത്തെ പിന്തുണക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ‘ഗാന്ധി’ എന്ന പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ?
Read more
നെഹ്റു കുടുംബത്തിന്‍റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. അക്കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും ആയിരുന്നു പിവി അൻവറിന്റെ പരാമർശം.