വിവാദങ്ങള്‍ക്കൊടുവില്‍ മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെന്ഷന് നല്കി. ഒരു മാസത്തെ പെന്‍ഷനാണ് ഇരുവര്‍ക്കും ലഭിച്ചത്. പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് മറിയക്കുട്ടിയും അന്നയും തെരുവില്‍ ഭിക്ഷ യാചിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിമാലി സര്‍വീസ് സഹകരമ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയാണ് പെന്ഷന് നല്‍കിയത്.
അതേ സമയം പെന്ഷന് തുക ലഭിച്ചിട്ടും ഇരുവരുടെയും പ്രതിഷേധം അവസാനിച്ചിട്ടില്ല. ഏറെ കാലമായി പെന്ഷന് മുടങ്ങിയെന്നും ലഭിച്ചത് ഒരു മാസത്തെ പെന്ഷന് തുകയാണെന്നും മുഴുവന്‍ പണവും നല്‍കണമെന്നുമാണ് ഇരുവരുടെയും ആവശ്യം. സാധാരണക്കാരായ നിരവധി ആളുകള്‍ക്ക് പെന്ഷന് ലഭിച്ചിട്ടില്ല. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചത്. എല്ലാവര്ക്കും പെന്ഷന് ലഭ്യമാക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.
പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും നടത്തിയ പ്രതിഷേധം പൊതുസമൂഹം ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ദേശാഭിമാനി ദിനപത്രത്തില്‍ മറിയക്കുട്ടിയ്ക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും, മകള്‍ വിദേശത്താണെന്നും സ്വന്തമായി രണ്ട് വീടുകളുണ്ടെന്നും വാര്‍ത്ത വന്നിരുന്നു.
Read more
ഇതിന് പിന്നാലെ മറിയക്കുട്ടിയുടെ യഥാര്‍ത്ഥ ആസ്തിയെ സംബന്ധിച്ച് മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മറിയക്കുട്ടിയ്ക്ക് സ്വന്തമായി വീടില്ലെന്നും, മകള്‍ അടിമാലിയില്‍ ലോട്ടറി കച്ചവടം നടത്തി വരുകയാണെന്നും മാധ്യമങ്ങള്‍ കണ്ടെത്തി. ഇതോടെ ദേശാഭിമാനി തിരുത്തുമായി മുന്നോട്ട് വന്നതും വലിയ വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.