ചാലിയാറിൽ ജനകീയ തിരച്ചിൽ; പുതിയ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിൽ ചാലിയാർ പുഴയിൽ പുരോഗമിക്കുന്നു. ഉരുൾപൊട്ടലിൽ രൂപപ്പെട്ട പുതിയ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചിൽ നടത്തും.

എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുക. സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും ജനകീയ തിരച്ചിലിന്റെ ഭാഗമാകും. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ മുണ്ടേരി ഇരുട്ടുകുത്തിയിലെ മുങ്ങൽ വിദഗ്ധരും തിരച്ചിലിന്റെ ഭാ​ഗമാകും.

വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിൽ പങ്കെടുക്കും.

ഇന്നലെ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തിരുന്നു. ദുരന്തം നടന്ന് രണ്ടാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീര ഭാഗങ്ങളുമാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ദുരന്തം നടന്നിട്ട് 14 ദിവസം പിന്നിടുമ്പോൾ ഇനി 130 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്താനുള്ളത്.

Read more