മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ലൈസന്‍സ് പുതുക്കി നല്‍കി; നിയമപരമായാണ് ലൈസന്‍സ് പുതുക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍

വിവാദങ്ങള്‍ക്കിടെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഇടുക്കി ചിന്നക്കനാലിലെ റിസോര്‍ട്ട് ലൈസന്‍സ് പുതുക്കി നല്‍കി. അഞ്ച് വര്‍ഷത്തെ ലൈസന്‍സിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബര്‍ 31വരെയാണ് കാലാവധി പുതുക്കി നല്‍കിയത്. നിലവില്‍ ഹോം സ്‌റ്റേ ലൈസന്‍സാണ് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പുതുക്കി നല്‍കിയിട്ടുള്ളത്.

നിയമപരമായിട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന വിശദീകരണമാണ് പഞ്ചായത്ത് അധികൃതരുടേത്. റിസോര്‍ട്ടിന് പൊല്യൂഷനും പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുമുള്ളതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തടസമില്ലെന്നാണ് പഞ്ചായത്ത് അറിയിച്ചത്. ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ മാസപ്പടി ആരോപണവുമായി രംഗത്ത് വന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ സിപിഎം ഉന്നയിച്ചത്.

മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് ചട്ട വിരുദ്ധമായി നിര്‍മ്മിച്ചതെന്നായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്റെ ആരോപണം. പശ്ചിമഘട്ടവും പ്രകൃതിയും നശിക്കുമെന്നും മലയോര മേഖലയില്‍ റിസോര്‍ട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും പറയുന്ന എംഎല്‍എയാണ് നിയമവിരുദ്ധമായി സ്ഥലം വാങ്ങി റിസോര്‍ട്ട് നടത്തുന്നതെന്നായിരുന്നു മോഹനന്‍ ആരോപിച്ചത്. ഹോം സ്റ്റേ ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.