സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ (73)അന്തരിച്ചു. ഇന്നലെ വൈകിട്ട് 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മുന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷയായിരുന്നു എം സി ജോസഫൈന്‍. 2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ വരെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വഹിച്ചത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി യുവജന മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് എംസി ജോസഫൈന്‍ പൊതുരംഗത്തെത്തിയത്. 1978ല്‍ സിപിഎം അംഗത്വം നേടിയ ജോസഫൈന്‍ 84ല്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ലാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 2002 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി 1996ല്‍ ചുമതലയേറ്റിരുന്നു. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചിട്ടുണ്ട്. നിലവില്‍ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് എം സി ജോസഫൈന്‍.
Read more
1948 ആഗസ്റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര-മഗ്ദലേന ദമ്പതികളുടെ മകളായിട്ടാണ് എം സി ജോസഫൈന്‍ ജനിച്ചത്. വെപ്പിന്‍ സ്വദേശിനിയായ ജോസഫൈന്‍. വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.