മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കി കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്നു; നുണ പ്രചാരണം പ്രതിപക്ഷം ഏറ്റെടുക്കുന്നു; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്

വയനാട് ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത് മറച്ചുപിടിക്കാനാണ് വ്യാജ വാര്‍ത്തയുമായി മാധ്യമങ്ങള്‍ ഇറങ്ങിയിരിക്കുന്നത് മന്ത്രി എംബി രാജേഷ്. കേന്ദ്രം എന്തുകൊണ്ട് സഹായിക്കുന്നില്ല എന്ന ചര്‍ച്ച ഉയരാതിരിക്കാനും കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനുമാണ് മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുന്നതും അത് പ്രതിപക്ഷം ഏറ്റെടുക്കുന്നതും.
വാര്‍ത്ത തെറ്റായി നല്‍കുന്നതും സര്‍ക്കാരിനെ അതിന്റെ പേരില്‍ ആക്രമിക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദേഹം പറഞ്ഞു.

50 ദിവസം കാത്തിരുന്നശേഷമാണ് വ്യാജനിര്‍മിതി പുറത്തുവിട്ടത്. പ്രധാനമന്ത്രി വന്നുപോയിട്ട് എത്ര ദിവസമായി? അഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തത്തില്‍ ചില്ലിക്കാശ് കേന്ദ്രം നല്‍കിയോ? കേന്ദ്ര സഹായം തടസ്സപ്പെടണം എന്നാഗ്രഹിക്കുന്നവരുടെ വാദങ്ങളാണ് ഇതിനുപിന്നില്‍. രാഷ്ട്രീയമാകാം, ഇടതുപക്ഷത്തോട് വിയോജിപ്പുമാകാം. പക്ഷേ, അത് ദുരന്തബാധിതരോട് ക്രൂരത കാണിച്ചുകൊണ്ടാകരുത്. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്. എന്നിട്ടും മാധ്യമങ്ങള്‍ തിരുത്തുന്നില്ലെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.